ചെന്നൈ: സമീപകാലത്തൊന്നും ഇന്ത്യയും ആസ്ട്രേലിയയും ഇത്രമാത്രം നിശ്ശബ്ദമായി ക്രീസിലിറങ്ങിയിട്ടുണ്ടാവില്ല. ടോസ് വീഴും മുേമ്പ തുടങ്ങുന്ന വാക് യുദ്ധങ്ങൾക്ക് ഇരു കൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ച പോലെയാണ് കാര്യങ്ങൾ. ആറു മാസത്തെ ഇടവേളക്കുശേഷം മുഖാമുഖമെത്തുന്ന പരമ്പരക്ക് ഞായറാഴ്ച ക്രീസ് ഉണരാനിരിക്കെ വെല്ലുവിളിയോ വാഗ്വാദങ്ങളോ ഇല്ല. കളത്തിൽ കാണാമെന്ന മട്ടിലാണ് ഇന്ത്യയുടെയും ഒാസീസിെൻറയും തയാറെടുപ്പ്.
കഴിഞ്ഞ മാർച്ചിൽ ഹിമാചലിലെ ധർമശാലയിൽ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയത്തോടെ അവസാനിപ്പിച്ച പോരാട്ടത്തിന് ശേഷം, ലോകം ചുറ്റിയാണ് ഇരുവരും ഞായറാഴ്ച െചെന്നെ ചെപ്പോക്കിൽ വീണ്ടും സന്ധിക്കുന്നത്. കാത്തിരിക്കുന്നത് അഞ്ച് ഏകദിനവും രണ്ട് ട്വൻറി20യുമടങ്ങിയ ആവേശനാളുകൾ.
ഫെബ്രുവരി-മാർച്ച് മാസച്ചൂടിനിടയിലായിരുന്നു അടിയും തടയും നിറഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര. പുണെ, ബംഗളൂരു, റാഞ്ചി, ധർമശാല എന്നിവിടങ്ങളിൽ നടന്ന ടെസ്റ്റ് പോരാട്ടത്തിൽ നേരിയ മുൻതൂക്കത്തോടെ (2-1) ഇന്ത്യ ജയിച്ചെങ്കിലും എതിരാളിയുടെ തട്ടകത്തിൽ മാനസിക മൂൻതൂക്കം നേടിയാണ് അന്ന് ഒാസീസ് നാട്ടിലേക്ക് മടങ്ങിയത്.
കോഹ്ലിക്ക് പരീക്ഷണം
കടലാസിലെ ഒാസീസോ കളത്തിലെ കോഹ്ലിയോ. ആരാവും യഥാർഥ ചാമ്പ്യന്മാർ. സമീപകാല പ്രകടനം വിലയിരുത്തുേമ്പാൾ മൂന്ന് ഫോർമാറ്റിലും കോഹ്ലിയും സംഘവും ബഹുദൂരം മുന്നിലാണ്. പക്ഷേ, ഏകദിനത്തിൽ ഏത് മണ്ണിലായാലും ഒാസീസിനാണ് മുൻതൂക്കം. 2000ത്തിന് ശേഷം ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ആറ് പരമ്പരകൾ നടന്നപ്പോൾ നാലിലും ആസ്ട്രേലിയക്കായിരുന്നു ജയം. ഇതിനിടെ ത്രിരാഷ്ട്ര ടൂർണമെൻറുകളിൽ ആറിൽ അഞ്ച് ജയവും ആസ്ട്രേലിയക്കു തന്നെയായിരുന്നു. കണക്കിലും കാര്യത്തിലും ഒാസീസാണ് പ്രബലരെങ്കിലും കളിയോടടുക്കുേമ്പാൾ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ഇന്ത്യ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ 2019 ലോകകപ്പ് ടീമിനെ ഒരുക്കുകയാണ് ആതിഥേയർ.
ആധിയുടെ ആറുമാസം
ആധുനിക ക്രിക്കറ്റ് കലണ്ടറിൽ നീണ്ട ഇടവേള എന്നു വിളിക്കാവുന്ന ആറുമാസം കഴിഞ്ഞു ഇരുവരും വീണ്ടും ഏകദിന പൂരത്തിനിറങ്ങുന്നു. മാർച്ചിൽ കണ്ട ഒാസീസും ഇന്ത്യയുമല്ല ഇപ്പോൾ. ഒട്ടനവധി പരമ്പരകൾ, െഎ.പി.എൽ, ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള പരീക്ഷണകാലം കഴിഞ്ഞു.
ഇന്ത്യക്ക് ഇരട്ടിമധുരം
ഇന്ത്യൻ പ്രീമിയർ ലീഗിനു പിന്നാലെ വിരാട് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിലെത്തി ചാമ്പ്യൻസ് ട്രോഫി ഫൈനൽ വരെയെത്തി. തൊട്ടുപിന്നാലെ വെസ്റ്റിൻഡീസ് മണ്ണിൽ 3-1ന് ഏകദിന പരമ്പര നേടി. ഏക ട്വൻറി20 തോറ്റശേഷം നേരെ പറന്നത് ശ്രീലങ്കയിലേക്ക്. മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ട്വൻറി20. പരമ്പര തൂത്തുവാരി അജയ്യ യാത്ര. ഇതിനിടെ പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ പുറത്തായി, രവിശാസ്ത്രിയെത്തി.
ഒാസീസിന് കഷ്ടകാലം
ഒാസീസിന് തിരിച്ചടികളുടെ കാലമായിരുന്നു ആറുമാസം. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ് റൗണ്ടിൽ തന്നെ മടക്കം. മുൻ ചാമ്പ്യന്മാരുടെ പകിട്ടിലെത്തിയവർക്ക് ടൂർണമെൻറിലെ മൂന്ന് കളിയിലും മഴ വില്ലനായതോടെ ഒരു ജയം പോലുമില്ലാതെയായിരുന്നു മടക്കം.
ആഗസ്റ്റിൽ ബംഗ്ലാദേശിനോട് ടെസ്റ്റ് തോൽവി. ധാക്കയിലെ അങ്കത്തിൽ 20 റൺസിന് തോറ്റതോടെ ബംഗ്ലാദേശിനോട് ചരിത്രത്തിലെ ആദ്യ തോൽവിയുമായി. രണ്ടാം ടെസ്റ്റ് ജയിച്ചെങ്കിലും നാണക്കേട് മായിക്കാൻ ഇതുകൊണ്ട് കഴിയില്ല.