കാർഡിഫ്: േലാകകപ്പിൽ ഏഷ്യൻ ടീമുകളുടെ പോരാട്ടത്തിൽ ജയം ശ്രീലങ്കക്ക്. മഴ തടസ്സപ്പെടുത്തിയ കളിയിൽ അഫ്ഗാനി സ്താനെതിരെ ഡെക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം 34 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. ആദ്യ കളി തോറ്റ ലങ്കയുടെ ആദ് യ ജയമാണിത്. അഫ്ഗാന് തുടർച്ചയായ രണ്ടാം തോൽവിയായി. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒാരോവറിൽ നാലു വിക്കറ്റ ് വീഴ്ത്തിയ മുഹമ്മദ് നബിക്ക് മുന്നിൽ തകർന്ന് 201ന് പുറത്തായി. മഴകാരണം 41 ഒാവറായി ചുരുക്കിയ മത്സരത്തിൽ 36.5 ഒാവറിൽ ലങ്കയുടെ ഇന്നിങ്സ് തീർന്നു. ദൗലത് സദ്റാനും റാഷിദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ജയിക്കാൻ 41 ഒാവറിൽ 187 റൺസെടുക്കേണ്ടിയിരുന്ന അഫ്ഗാന് 32.4 ഒാവറിൽ 152 റൺസെടുക്കാനേ ആയുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ നുവാൻ പ്രദീപും മൂന്ന് വിക്കറ്റ് പിഴുത ലസിത് മലിംഗയുമാണ് അഫ്ഗാനെ തകർത്തത്. 43 റൺസെടുത്ത നജീബുല്ല സദ്റാന് മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ.ടോസ് നേടിയ അഫ്ഗാൻ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ കരുണരത്നെയും അർധസെഞ്ച്വറി നേടിയ കുശാൽ പെരേരയും ചേർന്ന് വൻ ടോട്ടലിലേക്കെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്നിങ്സിന് തുടക്കമിട്ടത്. പക്ഷേ, ആ തുടക്കം മാത്രമേ ശ്രീലങ്കൻ സ്കോർബോർഡിൽ അവസാനംവരെ കണ്ടുള്ളൂ. ടീം സ്കോർ 92ൽ നിൽക്കെ മുഹമ്മദ് നബിയാണ് ആദ്യ വെടി പൊട്ടിച്ചത്.
കിവീസിനോട് അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ കരുണരത്നെയെ (30) പുറത്താക്കി. ലാഹിരു തിരുമന്നെയെ കൂട്ടി പെരേര പൊരുതിനിന്നെങ്കിലും 144 ൽ നിൽക്കെ ലാഹിരുവിെൻറയും (25) അന്തകനായി മുഹമ്മദ് നബി വീണ്ടുമെത്തി. നബിയുടെ ആ 22ാം ഒാവറായിരുന്നു ലങ്കയുടെ നട്ടെല്ല് തകർത്തത്. കുശാൽ മെൻഡിസ് (2) എയ്ഞ്ചലോ മാത്യൂസ് (0) എന്നിവരുൾപ്പെടെ മൂന്നു വിക്കറ്റാണ് ആ ഒാവറിൽ നേടിയത്. തുടർന്നെത്തിയ ഡിസിൽവയെ അക്കൗണ്ട് തുറക്കുംമുമ്പ് ഹാമിദ് ഹസൻ പുറത്താക്കുകയായിരുന്നു. ഒരറ്റത്ത് കുശാൽ പെരേര കാഴ്ചക്കാരനായി നിൽക്കുമ്പോൾ തിസാര പെരേര (2), ഇസുറു ഉഡാന (10) എന്നിവർ മടങ്ങി. പിന്നാലെ കുശാലും (78) റാഷിദ് ഖാന് വിക്കറ്റ് നൽകി പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. 33 ഒാവറിൽ 182/8 എന്ന തകർച്ചയിൽ നിൽക്കെയാണ് മഴയെത്തിയത്. മുൻകൂട്ടി പ്രവചിച്ചപോലെ കാർഡിഫിൽ മഴ തിമിർത്തുപെയ്തു. ആസ്ട്രേലിയയോട് പൊരുതിത്തോറ്റതിെൻറ ഊർജവുമായിതന്നെയാണ് അഫ്ഗാൻ ലങ്കയെ നേരിടാനൊരുങ്ങിയത്. കിവീസിനോട് തകർഞ്ഞടിഞ്ഞ ലങ്കൻ ബാറ്റിങ്നിരയെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടാമെന്ന ആത്മവിശ്വാസത്തിലാണ് ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയച്ചത്. തുടക്കം കൈവിട്ടെങ്കിലും ഒടുക്കം കണക്കുകൂട്ടലുകൾക്കപ്പുറം കടന്നില്ല.
