മൗണ്ട് മോൻഗാനി (ന്യൂസിലൻഡ്): അണ്ടർ-19 ലോകകപ്പിൽ അജയ്യരായി മുന്നേറുന്ന ഇന്ത്യൻ കുട്ടിപ്പട്ടാളത്തിന് ശനിയാഴ്ച കൊട്ടിക്കലാശം. കൗമാര ക്രിക്കറ്റിൽ നാലാം ലോകകിരീടം ലക്ഷ്യമിട്ട് രാഹുൽ ദ്രാവിഡിെൻറ കുട്ടികൾ ശനിയാഴ്ച ആസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.30ന് മൗണ്ട് മോൻഗാനിയിലാണ് മത്സരം. ആറാം തവണയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പിെൻറ ഫൈനലിനിറങ്ങുന്നത്. ഏറ്റവുമധികം ഫൈനൽ കളിച്ച ടീമെന്ന പകിേട്ടാടെയാവും ഇന്ത്യ ശനിയാഴ്ച പാഡ് കെട്ടുന്നത്.
ഗ്രൂപ് റൗണ്ടിൽ ഇന്ത്യയോടേറ്റ കനത്ത പരാജയത്തിെൻറ മുറിവും ഭയവുമുണ്ട് ഒാസീസിെൻറ മനസ്സിൽ. നാലാം കിരീടമാണ് ഒാസീസിെൻറയും ലക്ഷ്യം. ഇന്ത്യക്കെതിരെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളും തോൽക്കാനായിരുന്നു അവരുടെ വിധി. അതിനാൽതന്നെ ആത്മവിശ്വാസത്തിെൻറ കൊടുമുടിയേറിയാണ് ഇന്ത്യ കളിക്കിറങ്ങുന്നത്. എല്ലാ മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് പൃഥ്വി ഷായുടെ സംഘത്തിെൻറ കുതിപ്പ്. അഞ്ച് മത്സരങ്ങളിൽനിന്ന് 341 റൺസെടുത്ത ശുഭ്മാൻ ഗിലും 232 റൺസെടുത്ത നായകൻ പൃഥ്വി ഷായും മിന്നുന്ന ഫോമിലാണ്.
ഒാൾ റൗണ്ട് മികവാണ് ഇന്ത്യയുടെ കരുത്ത്. 12 വിക്കറ്റുമായി മുന്നേറുന്ന ഒാൾ റൗണ്ടർ അനുകൂൽ റോയിക്ക് പുറമെ അതിവേഗ ബൗളർ നാഗർകോട്ടിയും ശിവം മാവിയും ഒാസീസിനെ വിറപ്പിക്കാൻ പോന്നവരാണ്. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയെ എറിഞ്ഞിട്ടത് നാഗർകോട്ടിയും ശിവം മാവിയും േചർന്നായിരുന്നു. ടൂർണമെൻറിൽ ഇതുവരെ ഇന്ത്യയോട് മാത്രമാണ് ആസ്ട്രേലിയ തോറ്റത്. ബാറ്റ്സ്മാന്മാരായ ജേസൺ സങ്ക, മക്സ്വീനി, എഡ്വേർഡർഡ്സ്, ലെഗ് ബ്രേക്ക് ബൗളർ ലോയ്ഡ് പോപ്, ഒാൾ റൗണ്ടർ ജേസൺ റാൽസ്റ്റൺ എന്നിവരാണ് ആസ്ട്രേലിയയുടെ കുന്തമുനകൾ. ഗ്രൂപ് റൗണ്ടിൽ 100 റൺസിനാണ് ഇന്ത്യയോട് ഇവർ തോറ്റത്.