കേപ് ടൗൺ: സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ് മാൻ ഹാശിം അംല വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിെൻറ എല്ലാ രൂപങ്ങളിൽനിന്നും പിൻവാങ ്ങുകയാണെന്ന് ഇന്നലെയായിരുന്നു 36 കാരെൻറ പ്രഖ്യാപനം. ആഭ്യന്തര ലീഗുകളിൽ തുടരും.
15 വർഷം നീണ്ട രാജ്യാന്തര കരിയറിനിടെ 349 മത്സരങ്ങളിലായി 18,000 റൺസിലേറെ അടിച്ചെടുത്ത താരം 55 സെഞ്ച്വറികളും 88 അർധ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്. പ്രോട്ടീസ് നിരയിൽ ഏക ട്രിപ്ൾ സെഞ്ച്വറിക്ക് ഉടമയാണെന്നതിനു പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിൻഡീസ്, ആസ്ട്രേലിയ എന്നിവക്കെതിരെ സ്വന്തം രാജ്യത്തിനായി ഏറ്റവും വലിയ ഇന്നിങ്സിനുടമയും അംലയാണ്.
പ്രതിഭയുടെ ഉച്ചിയിൽ നിൽക്കെ 2010ൽ രണ്ടു ടെസ്റ്റുകളടങ്ങിയ ഇന്ത്യൻ പര്യടനത്തിനെത്തിയ അംല ഒറ്റ തവണ മാത്രമാണ് ആ പരമ്പരയിൽ പുറത്തായത്. ഏറ്റവും വേഗത്തിൽ 2000, 3000 എന്നിവയിൽ തുടങ്ങി 7000 റൺസ് വരെ പൂർത്തിയാക്കിയ റെക്കോഡും മറ്റാർക്കുമല്ല. ഏകദിനത്തിൽ 27 സെഞ്ച്വറികൾ കുറിച്ചിട്ടുണ്ട്. 2010, 13 വർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ പുരസ്കാരം നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ വഴി വാർത്തക്കുറിപ്പിലായിരുന്നു വിരമിക്കൽ പ്രഖ്യാപനം.