ന്യൂഡൽഹി: ഗൗതം ഗംഭീറും മഹേന്ദ്ര സിംഗ് ധോണിയും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കരിയറിൻെറ അവസാനത്തിൽ നിൽക്കുന്ന ഇരുവരും ബി.ജെ.പി ഒാഫർ സ്വീകരിച്ചതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗംഭീറിനെ ഡൽഹിയിൽ പാർട്ടി മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. തലസ്ഥാന നഗരിയിൽ ഗംഭീറിന് പൊതു സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് ക്രിക്കറ്റ് താരങ്ങളും ഉണ്ടാകുമെന്ന് ചില ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
അവർ അവരവരുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ മാത്രമല്ല, രാജ്യത്തിന്റെ നേതാക്കളും കൂടിയാണ്-മുതിർന്ന ബി.ജെ.പി നേതാവ് സൺഡേ ഗാർഡിയനോട് പറഞ്ഞു. ഗംഭീറിൻെറ മാനേജർ ദിനേശ് ചോപ്ര വാർത്ത നിഷേധിച്ചു. ഇതെല്ലാം 'ഊഹം' മാത്രമാണെന്നും ധോണിയുടെ വാണിജ്യ പങ്കാളി അരുൺ പാണ്ഡെ പ്രതികരിച്ചു.