ന്യൂഡൽഹി: കളത്തിൽ മാത്രമല്ല ട്വിറ്ററിലും സിക്സർ വീരനാണ് ആരാധകർ സ്നേഹത്തോടെ വീരു എന്ന് വിളിക്കുന്ന വീരേന്ദർ സെവാഗ്. മുൻ ഇന്ത്യൻ താരത്തിെൻറ ട്വീറ്റ് ഇതിനുമുമ്പ് പലർക്കും നന്നായി ‘കൊണ്ടി’ട്ടുണ്ട്,ക്രിക്കറ്റിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും. ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കും വീരുവിെൻറ പണികിട്ടി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിനുശേഷം എവേ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം മറ്റു സമയത്തേക്കാൾ മെച്ചപ്പെടുന്നുവെന്ന ശാസ്ത്രിയുടെ ന്യായമാണ് വീരുവിനെ ചൊടിപ്പിച്ചത്. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയിലെല്ലാം സൗരവ് ഗാംഗുലിയുടെ കാലത്തും ഒരു മത്സരത്തിൽ ജയിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടായിരുന്നുവെന്നാണ് സെവാഗിെൻറ വാദം. പിന്നെ എങ്ങനെയാണ് ഇന്നത്തെ ഇന്ത്യൻ ടീം മെച്ചപ്പെട്ടുവെന്ന് ശാസ്ത്രി വാദിക്കുന്നതെന്ന് സെവാഗ് ചോദിക്കുന്നു.
ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലും ഇന്ത്യൻ ടീമിെൻറ പ്രകടനത്തിൽ സെവാഗ് രൂക്ഷവിമർശനം നടത്തി. ‘‘ഡ്രസിങ് റൂമിലിരുന്ന് വാചകമടിക്കുന്നവരല്ല യഥാർഥ ടീം. അത് പ്രകടനത്തിൽ കാണിക്കണം. ബാറ്റിങ്ങിലും ബൗളിങ്ങിലും അഭിമാനമുണ്ടാവുന്ന സന്ദർഭമാണ് വേണ്ടത്. നിങ്ങൾക്ക് ഇഷ്ടംപോലെ വാ തുറക്കാം. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുേമ്പാഴും വിദേശ പിച്ചിൽ ഒരു മത്സരമെങ്കിലും അന്നത്തെ ടീം വിജയിക്കാറുണ്ടായിരുന്നു. കാലം ഇത്രദൂരം പിന്നിട്ടിട്ടും അതിൽനിന്ന് എന്തു മാറ്റമാണ് ശാസ്ത്രിയുടെ ഇന്ത്യ ‘ഉണ്ടാക്കിയത്’. അപ്പോൾ, വിദേശത്ത് കാലുവിറക്കുന്ന രോഗം ഇന്ത്യക്ക് ഇതുവരെ മാറിയിട്ടില്ല.
വിരാട് കോഹ്ലിയെ മാത്രം ആശ്രയിച്ച് എത്ര മത്സരങ്ങൾ വിജയിക്കാനാവും? പണ്ട് ബാറ്റ്സ്മാന്മാർ സ്കോർ ചെയ്യുമെങ്കിലും ബൗളർമാർക്ക് 20 വിക്കറ്റ് നേടാനാവാത്തതായിരുന്നു പ്രശ്നം. ഇന്നത് മാറി, ബൗളർമാർ 20 വിക്കറ്റ് വീഴ്ത്തുന്നു, പക്ഷേ ബാറ്റ്സ്മാന്മാർക്ക് പിഴക്കുന്നു. രണ്ടായാലും പ്രശ്നം തീർന്നിട്ടില്ല’’ -സെവാഗ് പറഞ്ഞു.