ന്യൂഡൽഹി: രാജ്യം ഒന്നാകെ ലോക്ഡൗണായപ്പോഴാണ് ഇന്ത്യയുടെ ഏകദിന ലോകകിരീട നേട്ട ത്തിെൻറ ഒമ്പതാം വാർഷികമെത്തിയത്. കോവിഡ് ഭീതിയിൽ എല്ലാം നിശ്ചലമായതോടെ ആഘോഷവും സന്തോഷവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഒതുങ്ങി. അതിനിടയിൽ പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ‘ഇ.എസ്.പി.എൻ ക്രിക് ഇൻഫോ’യുടെ വാർത്തയും അതിന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിെൻറ മറുപടിയുമായി ആരാധക ലോകത്ത് ചർച്ചയായത്.
2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി വിജയം ഉറപ്പിച്ച സിക്സറിെൻറ ദൃശ്യം പങ്കുവെച്ചായിരുന്നു ഇ.എസ്.പി.എൻ വാർഷികം ഓർമിപ്പിച്ചത്. എന്നാൽ, ഇത് ഫൈനലിൽ 97 റൺസടിച്ച് വിജയ ശിൽപിയായ ഗംഭീറിനെ പ്രകോപിപ്പിച്ചു. ട്വിറ്ററിലൂടെ തന്നെ അദ്ദേഹം മറുപടി നൽകി. ‘ചെറിയൊരു ഓർമപ്പെടുത്തൽ.
2011ലെ ലോകകപ്പ് ഇന്ത്യയുടെയും ടീമിെൻറയും സപ്പോർട്ടിങ് സ്റ്റാഫിെൻറയും വിജയമാണ്.
ഒരു സിക്സിനോട് മാത്രമുള്ള അമിത ആവേശം വിടാൻ സമയമായി’ -ഗംഭീറിെൻറ ട്വീറ്റ് അതിവേഗം വൈറലായി. അനുകൂലിച്ചും എതിർത്തുമെല്ലാം ആരാധകരെത്തി. ടീം അംഗങ്ങളും ക്രിക്കറ്റ് താരങ്ങളും മിണ്ടിയില്ലെങ്കിലും ലോകകപ്പിെൻറ വാർഷികം ഗംഭീറിെൻറ ഹിറ്റിൽ വഴിമാറി.