ഇന്ത്യക്ക് 309 റൺസ് ലീഡ്; ജയം അരികെ
text_fieldsഗാലെ: അറബിക്കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ഗാലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ ടെസ്റ്റ് വിജയാഘോഷത്തിനരികെ. ഒന്നാം ടെസ്റ്റിലെ ആദ്യ മൂന്നു ദിനവും ബാറ്റിലും ബൗളിലും മേൽക്കൈ നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചപ്പോൾ 498 റൺസിെൻറ മികച്ച ലീഡിൽ. ആഞ്ഞുപിടിച്ചാൽ ഇന്ന്, അല്ലെങ്കിൽ നാളെ ഉച്ചക്കു മുമ്പ് വിരാട് കോഹ്ലിക്കും സംഘത്തിനും മരതക മണ്ണിലെ ടെസ്റ്റ് വിജയാഘോഷം.
മുകുന്ദ്-കോഹ്ലി പോരാട്ടം
ഒന്നാം ഇന്നിങ്സിൽ ശിഖർ ധവാനും ചേതേശ്വർ പുജാരയും നിറഞ്ഞാടുേമ്പാൾ നിരാശയോടെ കളംവിട്ടവരുടെ ദിനമായിരുന്നു വെള്ളിയാഴ്ച. ആദ്യ ദിനം മൂന്നു റൺസുമായി പുറത്തായ വിരാട് കോഹ്ലിയും 12 റൺസിൽ കൂടാരം കയറിയ അഭിനവ് മുകുന്ദും അവസരം മുതലെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ റൺവേട്ട. മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ സന്ദർശകർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. രണ്ടു ദിനം മുമ്പ് സെഞ്ച്വറി ആഘോഷിച്ച ശിഖർ ധവാനും (14) പുജാരയും (15) ചുരുങ്ങിയ സ്കോറിൽ മടങ്ങിയപ്പോഴാണ് വിരാടും (76 നോട്ടൗട്ട്) മുകുന്ദും (81) ആക്രമണം ഏറ്റെടുത്തത്. ഇന്ത്യയുടെ 600 റൺസ് എന്ന കൂറ്റൻ സ്കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്കൻ പോരാട്ടം 291ൽ അവസാനിപ്പിച്ചാണ് കോഹ്ലിപ്പട രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. 309 റൺസ് എന്ന മികച്ച ലീഡുണ്ടായിട്ടും ആതിഥേയരെ ഫോളോഒാൺ ചെയ്യിക്കാനുള്ള ധൈര്യം വിരാട് കോഹ്ലിക്കില്ലായിരുന്നു.

അഞ്ചിന് 154 റൺസ് എന്നനിലയിൽ തകർന്നടിഞ്ഞ ശ്രീലങ്കയെ ആറാം വിക്കറ്റിലെ കൂട്ടുകെട്ടിൽ എയ്ഞ്ചലോ മാത്യൂസും (83) ദിൽറുവാൻ പെരേരയുമാണ് (92 നോട്ടൗട്ട്) പോരാട്ട വഴിയിൽ തിരിച്ചെത്തിച്ചത്. ഷമിയുടെയും ഉമേഷ് യാദവിെൻറയും പന്തുകളെ ക്ഷമയോടെ നേരിട്ടായിരുന്നു ഇൗ കൂട്ടുകെട്ട് രക്ഷാപ്രവർത്തനം നടത്തിയത്. സ്കോർ 205ൽ എത്തിയപ്പോൾ മാത്യൂസ് മടങ്ങി. എങ്കിലും മറുതലക്കൽ സ്ട്രൈക്ക് പിടിച്ച് ദിൽറുവാൻ ടീമിനെ നയിച്ചു. ക്യാപ്റ്റൻ രംഗന ഹെരാത്ത് (9), നുവാൻ പ്രദീപ് (10), ലാഹിരു കുമാര (2) എന്നിവർ എളുപ്പത്തിൽ മടങ്ങിയതോടെ ആതിഥേയ ഇന്നിങ്സ് 291ൽ അവസാനിച്ചു. രവീന്ദ്ര ജദേജ മൂന്നും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.മികച്ച ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചപ്പോൾ മഴയെത്തി. ഏതാനും സമയം മുടങ്ങിയ കളി പുനരാരംഭിച്ച് 16 ഒാവറിനുള്ളിൽ ധവാനും പുജാരയും മടങ്ങി.