നദിയാഡ്: കേരള ടീമിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് പുതുച്ചേരിക്കായി പന്തെറിഞ്ഞ മലയാളിതാരത്തിന് റെക്കോഡ് പ്രകടനം. വിജയ് ഹസാരെ ക്രിക്കറ്റിൽ സിക്കിമിനെതിരെ 9.2 ഒാവറിൽ 8 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫാബിദ് ഫാറൂഖാണ് ‘ലിസ്റ്റ് എ’ ആഭ്യന്തര ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരെൻറ ഏറ്റവും മികച്ച ഇക്കണോമി പ്രകടനത്തിന് ഉടമയായത്. 0.85 ആണ് ഫാബിദിെൻറ ഇക്കണോമി റേറ്റ്. 1999ൽ ബിഹാർ താരം അവിനാഷ്കുമാർ കുറിച്ച റെക്കോഡാണ് ഫാബിദ് തിരുത്തിയത്. 9 ഒാവറിൽ എട്ടു റൺസ് വഴങ്ങിയ അവിനാശിന് 0.89 ആയിരുന്നു ഇക്കണോമി. എന്നാൽ, ഒരു വിക്കറ്റുപോലും ലഭിച്ചില്ല.
സിക്കിമിനെതിരായ മത്സരത്തിൽ പുതുച്ചേരി ഒമ്പതു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റുചെയ്ത സിക്കിം 89 റൺസിന് പുറത്തായി. പുതുച്ചേരി ഒരു വിക്കറ്റ് നഷ്ടത്തിൽ 15.2 ഒാവറിൽ വിജയംകുറിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഫാബിദ് വലംകൈ ഒാഫ് സ്പിന്നറാണ്. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ചിരുന്നു. ഫാബിദിനൊപ്പം മറ്റു മൂന്നു മലയാളികൾകൂടി പുതുച്ചേരിക്കായി കളിക്കുന്നുണ്ട്.