ലണ്ടൻ: പതിഞ്ഞും അതിവേഗത്തിലും സ്റ്റമ്പ് ലക്ഷ്യമിട്ട് ബൗളറുടെ കൈകളിൽനിന്ന് പുറ പ്പെട്ടുവരുന്ന തുകലിൽ തീർത്ത പന്തുകൾ ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിക്കുന്ന കാ ലത്തിന് പുതിയ ‘ട്വിസ്റ്റ്’ വരുന്നു.
തുകലിനു പകരം ഇനി റബറിൽ നിർമിച്ച പന്തുകളും മുൻനിര ക്രിക്കറ്റിൽ ഉപയോഗിക്കാമെന്ന സന്ദേശവുമായി എത്തിയിരിക്കുന്നത് ഇംഗ്ലണ്ടിലെ ഒരു ക്ലബാണ്. ഏർലി ക്രിക്കറ്റ് ക്ലബ് സ്ഥാപകനും ചെയർമാനുമായ ഗാരി ഷാക്ലഡി ശുദ്ധ വീഗൻ ആയതോടെ എല്ലാറ്റിലും തെൻറ വീഗൻ സ്പർശം നൽകാനാണ് തീരുമാനം.
മാംസാഹാരം പൂർണമായി മാറ്റിനിർത്തിയ ഷാക്ലഡി വീഗൻ ചായ അവതരിപ്പിച്ചാണ് ക്ലബിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം വീഗൻ പന്തുകളും അദ്ദേഹം പ്രഖ്യാപിച്ചു. തുകൽ പന്തുകളെപ്പോലെ ഇവയും കളിക്കാനാകുന്നുണ്ടെങ്കിലും ബൗൺസ് കൂടുതലായതിനാൽ പൂർണമായി ഉപയോഗിക്കാനാവില്ലെന്നാണ് ഷാക്ലഡിയുടെ കണ്ടെത്തൽ.
അതിനാൽ തന്നെ, രാജ്യാന്തര തലത്തിൽ അംഗീകാരം കിട്ടിയേക്കില്ലെന്ന ആധിയും അദ്ദേഹത്തിനുണ്ട്. എന്നിട്ടും, ഒരു സന്ദേശമെന്ന നിലക്ക് ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറയുന്നു. 12 വർഷം മുമ്പാണ് ഏർലി ക്രിക്കറ്റ് ക്ലബ് സ്ഥാപിതമാകുന്നത്. ക്ലബിലിപ്പോൾ ചായക്കൊപ്പം വിളമ്പുന്ന ലഘുകടികൾ പൂർണമായും സസ്യാഹാരങ്ങളാണ്.