ലണ്ടൻ: തുടക്കത്തിൽ രണ്ടു വിക്കറ്റ് വീണതിെൻറ ആഘാതമൊഴിവാക്കാൻ പതിയെ ബാറ്റുവീശി ഇംഗ്ലണ്ട്. വിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ടീം 46 ഓവറിൽ 112 റൺസ് എന്ന നിലയിലാണ്. ബാറ്റിങ്ങിൽ ടോപ് ഓർഡർ ഒരിക്കൽക്കൂടി പരാജയപ്പെടുന്ന കാഴ്ചയുമായാണ് വ്യാഴാഴ്ച ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്.
ടോസ് നേടിയ വിൻഡീസ്, ആതിഥേയരുടെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി മുതലെടുക്കാമെന്ന പ്രതീക്ഷയിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 29ൽ നിൽക്കെ ചേസിെൻറ തുടർച്ചയായ പന്തുകളിൽ രണ്ടുമുൻനിര ബാറ്റ്സ്മാൻമാർ മടങ്ങി.
ആദ്യം റോറി ബേൺസ് എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയപ്പോൾ അടുത്ത പന്തിൽ ക്രോളിയെ ഹോൾഡറുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് സിബ്ലി രക്ഷാദൗത്യം നീണ്ടുനിന്നില്ല. 23 റൺസ് സ്വന്തം അക്കൗണ്ടിൽ ചേർത്ത റൂട്ടിനെ ജോസഫിെൻറ പന്തിൽ ഹോൾഡർ പിടിച്ചുപുറത്താക്കി. അഞ്ചാമനായി ഇറങ്ങിയ ബെൻ സ്റ്റോക്സ് 18 റൺസുമായി സിബ്ലിക്കൊപ്പം ക്രീസിലുണ്ട്.