സതാംപ്റ്റണ്: കോവിഡ് തീർത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീണു. ഇടവേളക്ക് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരമായ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയെങ്കിലും 17ാം ഒാവർ പിന്നിട്ടതിന് പിന്നാലെ മഴ കളി മുടക്കി. ഇന്ത്യന്‍ സമയം 3.30ന് മത്സരം തുടങ്ങേണ്ടതായിരുന്നു. എന്നാൽ, മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സര സമയം നീളുകയായിരുന്നു.
17.4 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസാണ് ഇംഗ്ലണ്ടിെൻറ സമ്പാദ്യം. 20 റൺസുമായി റോറി ബേൺസും 14 റൺസുമായി ജോ ഡെൻലിയുമാണ് ബാറ്റേന്തുന്നത്. ഷാന്നൻ ഗബ്രിയേലിെൻറ പന്തിൽ ക്ലീൻ ബൗൾഡായാണ് ഒാപണറായ ഡൊമിനിക് സിബിലേ കൂടാരം കറയിയത്.
അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാർ മൃഗീയമായി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വർണവെറിക്കെതിരെ സന്ദേശം നൽകിക്കൊണ്ടാണ് ആദ്യ മത്സരം തുടങ്ങിയത്. ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരുടീമുകളിലെയും താരങ്ങളും അമ്പയർമാരും ഫീൽഡിൽ മുട്ടുകുത്തിയിരുന്ന് മുഷ്ടി ചുരുട്ടി വർണവെറിക്കെതിരെ പ്രതിഷേധിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുമാണ് കളി. ഒരു മാസം മുമ്പ് തന്നെ ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് ടീം ക്വാറൻറീൻ കാലാവധി കഴിഞ്ഞ്, പരിശീലനവും സന്നാഹ മത്സരവും കളിച്ചാണ് ടെസ്റ്റിനിറങ്ങിയത്. സമ്പൂർണ കോവിഡ് മുക്ത പരിസ്ഥിതിയിലാണ് പരമ്പര സംഘടിപ്പിക്കുന്നത്. പന്തിൽ ഉമിനീർ പുരട്ടുന്നത് മുതൽ കളിക്കാർ അടുത്തിടപഴകുന്നതിനും ‘ഹൈ ഫൈവ്’ ആഘോഷങ്ങൾക്കും വിലക്കുണ്ട്. 117 ദിവസത്തെ ഇടവേളക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് തിരികെയെത്തിക്കാനുള്ള ശ്രമത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ഐ.സി.സി അഭിനന്ദിച്ചിരുന്നു. ജോ റൂട്ടിെൻറ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ. വിൻഡീസിനെ ജാസൻ ഹോൾഡറാണ് നയിക്കുന്നത്. 2017നു ശേഷം ആദ്യമായാണ് വിൻഡീസ് ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. അന്ന് നടന്ന പരമ്പരയിൽ ഹോൾഡറുടെ ടീം 2-1ന് തോറ്റിരുന്നു.