വില്യംസണ് റെക്കോഡ്; ന്യൂസിലൻഡിന് 171 റൺസ് ലീഡ്
text_fieldsഒാക്ലൻഡ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലൻഡിന് 171 റൺസ് ലീഡ്. മഴ കളിതടസ്സപ്പെടുത്തിയ രണ്ടാം ദിനത്തിൽ 23.1 ഒാവർ മാത്രം മത്സരം നടന്നപ്പോൾ, ആതിഥേയർ നാലിന് 229 എന്ന നിലയിലാണ്. ഹെൻറി നികോൾസും (49) ബി.ജെ. വാറ്റ്ലിങ്ങുമാണ് (17) ക്രീസിൽ.
നേരത്തെ, ഇംഗ്ലണ്ടിനെ 58 റൺസിന് തകർത്ത് ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ വില്യംസണിെൻറ നേതൃത്വത്തിലാണ് തിരിച്ചടിച്ചത്. ഒമ്പത് റൺസ് മാത്രമകലെ സെഞ്ച്വറിക്കരികെ നിലയുറപ്പിച്ചിരുന്ന കിവി ക്യാപ്റ്റൻ രണ്ടാം ദിനം അധികംവൈകാതെ 100 കടന്നു. വില്യംസണിെൻറ കരിയറിലെ 18ാം സെഞ്ച്വറിയാണിത്.
ഇതോടെ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമായി വില്യംസൺ മാറി. റോസ് ടെയ്ലർ, മാർട്ടിൻ ക്രോ (17 സെഞ്ച്വറികൾ) എന്നിവർ പങ്കിട്ടിരുന്ന റെക്കോഡാണ് 67ാം ടെസ്റ്റിൽ ക്യാപ്റ്റൻ സ്വന്തം പേരിലാക്കിയത്. വില്യംസൺ (102) മടങ്ങിയതിനു പിന്നാലെ ഹെൻറി നികോൾസ് ലീഡുയർത്തുകയായിരുന്നു.