നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിെൻറ രണ്ടാം ദിനം ഇന്ത്യ ഉയിർത്തെഴുന്നേറ്റു. ആദ്യ ഇന്നിങ്സിൽ 329 റൺസിന് പുറത്തായ സന്ദർശകർ, ഇംഗ്ലണ്ടിനെ 161 റൺസിന് എറിഞ്ഞിട്ടു. വെറും 28 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് ഇംഗ്ലണ്ടിനെ പിടിച്ചുെകട്ടിയത്. ഒരുവേള 128 റൺസിന് ഒമ്പത് വിക്കറ്റെന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ, ജെയിംസ് ആൻഡേഴ്സനെ കൂട്ടുപിടിച്ച് ആഞ്ഞടിച്ച ജോസ് ബട്ലറാണ് (39) 150 കടത്തിയത്. 168 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ പാഡ് കെട്ടിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുേമ്പാൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റൺസ് എടുത്തു. ശിഖർ ധവാനും (10) കെ.എൽ. രാഹുലുമാണ് (7) ക്രീസിൽ.
ഇംഗ്ലണ്ടിനായി ഒാപണർമാരായ അലിസ്റ്റർ കുക്കും (29) കീറ്റൺ ജെന്നിങ്സും (20) 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അതേ സ്കോറിന് തന്നെ ഇരുവരും മടങ്ങി. പിന്നീട് ക്രീസിലെത്തിയവരിൽ ആർക്കും തന്നെ പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ ജോ റൂട്ട് (16), ഒലീ പൊപ്പെ (10), ജോണി ബെയർസ്റ്റോ (15), ബെൻ സ്റ്റോക്സ് (10) എന്നിവർ രണ്ടക്കം കടന്നു. ക്രിസ് വോക്‌സ് (8), ആദിൽ റാഷിദ് (5), സ്റ്റുവർട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ജസ്പ്രീത് ബൂംറയും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. വിക്കറ്റിനു പിന്നിൽ അഞ്ചുപേരെ ഗ്ലൗസിനുള്ളിലാക്കി ഋഷഭ് പന്ത് അരങ്ങേറ്റം അവിസ്മരണീയമാക്കി. സിക്സറടിച്ച് ടെസ്റ്റ് അരങ്ങേറ്റത്തിൽ അക്കൗണ്ട് തുറക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും പന്ത് സ്വന്തമാക്കിയിരുന്നു.
ആറു വിക്കറ്റിന് 307 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു 22 റണ്‍സ് കൂടി മാത്രമാണ് സ്കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. അരങ്ങേറ്റം കുറിച്ച യുവതാരം ഋഷഭ് പന്തിെൻറ (24) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റുവർട്ട് ബ്രോഡിെൻറ പന്തലിൽ ക്ലീൻ ബൗൾഡായായിരുന്നു താരത്തിെൻറ മടക്കം. മൂന്ന് റൺസ്കൂടി ചേർത്തപ്പോയേക്കും മുൻ മത്സരത്തിലെ ടോപ് സ്കോറർ ആർ. അശ്വിനെയും (14) ഇന്ത്യക്ക് നഷ്ടമായി. ബ്രോഡ്തന്നെയാണ് അശ്വിെൻറയും കുറ്റിതെറിപ്പിച്ചത്. വാലറ്റക്കാരായ മുഹമ്മദ് ഷമിയെയും (3) ജസ്പ്രീത് ബുംറയെയും (0) പുറത്താക്കി ആന്‍ഡേഴ്‌സന്‍ ഇന്ത്യൻ ഇന്നിങ്‌സ് 329ൽ അവസാനിപ്പിച്ചു.
ആദ്യദിനം തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ നായകൻ വിരാട് കോഹ്ലിയും (97), ഉപനായകൻ അജിൻക്യ രഹാനെയുമാണ് (81) കരകയറ്റിയത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.