റാഞ്ചി: ജന്മനാട്ടിലെത്തി സമാനതകളില്ലാത്ത വിജയത്തിലേക്ക് ഇന്ത്യൻ ടീം പന്തെറിയു േമ്പാൾ സ്നേഹം പങ്കിട്ട് മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് ജയംതൊട്ട നാലാം ദിവസമാണ് ധോണി ഡ്രസിങ് റൂമിലെത്തി താരങ്ങൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചത്. തെൻറ ആദ്യ ഓവറിൽ തുടർച്ചയായ പന്തുകളിൽ വിക്കറ്റുകളുമായി ജയമുറപ്പിച്ച ഇടംകൈയൻ സ്പിന്നർ ഷഹ്ബാസ് നദീമിനൊപ്പം സംസാരിച്ചുനിൽക്കുന്ന ചിത്രം ക്രിക്കറ്റ് കൺട്രോൾ ബോർഡ് ട്വിറ്ററിൽ പങ്കുവെച്ചു.
മത്സരശേഷം മാധ്യമപ്രവർത്തകരെ കണ്ട ക്യാപ്റ്റൻ വിരാട് കോഹ്ലിയും ധോണിയെത്തിയതായി അറിയിച്ചു. ധോണിയെ കുറിച്ച് മാധ്യമ പ്രവർത്തകരിലൊരാൾ ചോദ്യമെറിഞ്ഞപ്പോൾ, ‘അകത്തുചെന്ന് ഹായ് പറയൂ’ എന്നായിരുന്നു പ്രതികരണം. പരിശീലകൻ രവി ശാസ്ത്രിയും ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. മഹത്തായ പരമ്പര വിജയത്തിനു പിറകെ, ശരിയായ ഇന്ത്യൻ ഇതിഹാസത്തെ അവരുടെ താവളത്തിൽ കാണാനായതിൽ സന്തോഷമെന്നായിരുന്നു കമൻറ്. 2014ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായശേഷം ഏകദിന ടീമിനൊപ്പമുണ്ടായിട്ടില്ല.