ജൊഹന്നാസ്ബർഗ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ കണ്ണിന് വിരുന്നൂട്ടാൻ എ.ബി ഡിവില്ലേഴ്്സ് വീണ്ടും വരുമെന്ന് സൂചനകൾ. ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനത്തിലെ ട്വൻറി 20 പരമ്പരയിൽ ഡിവില്ലേഴ്സിന് ഇട ം ലഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 2018 മാർച്ചിലാണ് വലിയ ആരാധക പിന്തുണയുള്ള എ.ബി.ഡി അന്താരാഷ്ട്ര ക്രിക്കറ്റിന ോട് വിട പറഞ്ഞത്.
മികച്ച ഫോമിലുള്ള ഡിവില്ലേഴ്സ് സന്നദ്ധതയറിയിക്കുകയും പ്രാപ്തനാണെന്ന് തെളിയിക്കുകയും ചെയ്താൽ ട്വൻറി 20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചർ ഒരു ചടങ്ങിനിടെ പ്രസ്താവിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ജൂൺ 1ന് മുമ്പായി ഡിവില്ലേഴ്സ്, ഇമ്രാൻ താഹിർ, ക്രിസ് മോറിസ് എന്നിവർക്ക് അന്തിമ തീരുമാനമെടുക്കാൻ സമയം നൽകിയിട്ടുണ്ടെന്നും ബൗച്ചർ പറഞ്ഞു.

ഡിവില്ലേഴ്സിന് താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തെ ട്വൻറി 20ലോകകപ്പിന് പരിഗണിക്കുമെന്ന് ബൗച്ചർ മുമ്പും പറഞ്ഞിരുന്നു. ഡിവില്ലേഴ്സിനെ തിരിച്ചുവിളിക്കുന്നതിൽ ഈഗോയുടെ പ്രശ്നമില്ലെന്നും ട്വൻറി 20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ അയക്കാനാണ് ശ്രമിക്കുന്നതെന്നും ബൗച്ചർ അറിയിച്ചിരുന്നു. പഴയ സഹതാരങ്ങളായ മാർക്ക് ബൗച്ചർ പരിശീലകനും ഗ്രെയിം സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടറുമായതിനാൽ ഡിവില്ലേഴ്സിനും താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കരിയറിൽ മികച്ച ഫോമിൽ നിൽക്കെ 34ാം വയസ്സിൽ ഡിവില്ലേഴ്സ് വിരമിക്കൽ പ്രഖ്യാപിച്ചത് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം ശ്രവിച്ചത്. ദേശീയ ടീമിൽ നിന്നും വിരമിച്ച ശേഷവും ഐ.പി.എൽ, വിറ്റലിറ്റി ബ്ലാസ്റ്റ്, ബിഗ്ബാഷ് എന്നിവയിൽ സജ്ജീവമായിരുന്നു. ബിഗ്ബാഷിലും വിറ്റലിറ്റി ബ്ലാസ്റ്റിലും എ.ബി.ഡി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ഏകദിന ലോകകപ്പിൽ സെമികാണാതെ പുറത്തായതോടെ എ.ബി.ഡിയെ തിരിച്ചുവിളിക്കണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.