മെൽബൺ: ശനിയാഴ്ച പുലർന്നപ്പോൾ തൊഴിൽ രഹിതരായി ആസ്ട്രേലിയയുടെ 230 ക്രിക്കറ്റ് താരങ്ങൾ. കളിക്കാരും ക്രിക്കറ്റ് ആസ്ട്രേലിയയും തമ്മിലെ കരാർ ജൂൺ 30ന് കാലാവധി അവസാനിക്കുകയും, പുതിയ കരാർ നിർദേശങ്ങൾ ക്രിക്കറ്റേഴ്സ് അസോസിയേഷൻ തള്ളുകയും ചെയ്തതോടെയാണ് ഒാസീസ് താരങ്ങൾ ഒരു സുപ്രഭാതത്തിൽ തൊഴിൽരഹിതരായത്. വേതന തർക്കം പരിഹാരമില്ലാതെ നീണ്ടതോടെ സീനിയർ താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവുമായി ബാറ്റെടുക്കുകയും ചെയ്തു.
കഴിഞ്ഞ 20 വർഷമായി കളിക്കാർക്ക് ലാഭവിഹിതം നൽകുന്ന പതിവ് റദ്ദാക്കുകയും, സീനിയർ താരങ്ങൾക്ക് മാത്രം കൂടുതൽ വേതനം നൽകുകയും ചെയ്യുന്ന രീതിയിലാണ് ക്രിക്കറ്റ് ആസ്ട്രേലിയ പുതിയ കരാർ തയ്യാറാക്കിയത്. എന്നാൽ, ഇത് ക്രിക്കറ്റേഴ്സ് അസോസിയേഷൻ തള്ളി. മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും പ്രതിഫല കാര്യത്തില്‍ താരങ്ങളെ തൃപ്തിപ്പെടുത്തുന്ന നിലപാടിലെത്താന്‍ ക്രിക്കറ്റ് ആസ്ട്രേലിയയിക്ക് സാധിച്ചിട്ടില്ല. പുതിയ കരാറുണ്ടാക്കാന്‍ കഴിയാഞ്ഞതോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര മത്സരങ്ങളിലും സജീവമായി കളിക്കുന്ന 230 പുരുഷ-വനിതാ താരങ്ങളുടെ പ്രതിഫലകാര്യം പൂര്‍ണമായി അനിശ്ചിതത്വത്തിലായി.
പ്രതിസന്ധി രൂക്ഷമായതോടെ ആഗസ്റ്റിലെ ബംഗ്ലാദേശ് പര്യടനനം ആശങ്കയിലായി. കളിക്കാർ ്സമരപാതയിലേക്ക് നീങ്ങിയാൽ സെപ്തംബറിലെ ഇന്ത്യൻ പര്യടനവും, വര്‍ഷാവസാനമുള്ള ആഷസും പ്രതിസന്ധയിലാവും.