കറാച്ചി: എട്ട് വർഷം മുമ്പ് ശ്രീലങ്കൻ ടീമിനെതിരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് നിലച്ചുപോയ ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് പാക് മണ്ണിൽ വീണ്ടും ക്രീസുണരും. അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ സജീവമാക്കുന്നതിെൻറ ഭാഗമായി പാക് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ട്വൻറി-20 മത്സരങ്ങൾക്ക് ലാേഹാറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. പാകിസ്താനും ലോക ഇലവനും തമ്മിൽ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്ചത്. ആദ്യ കളി ഇന്ന് രാത്രി 7.30ന് ആരംഭിക്കും. ദക്ഷിണാഫ്രിക്ക, ആസ്േട്രലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരക്കുന്ന േലാക ഇലവൻ തിങ്കളാഴ്ച രാവിലെ ലാഹോറിലെത്തി. 2009 മാർച്ചിൽ ഇതേ സ്റ്റേഡിയത്തിന് പുറത്തുവെച്ചായിരുന്നു ശ്രീലങ്കൻ ടീമിനെതിരെ തീവ്രവാദികളുടെ ആക്രമണമുണ്ടാകുന്നത്. ശേഷം രാജ്യാന്തര ക്രിക്കറ്റ് കലണ്ടറിൽനിന്നും ഒറ്റപ്പെട്ട പാകിസ്താനിലേക്ക് ടീമുകളൊന്നും വരാതായി. 2015ൽ സിംബാബ്വെ പര്യടനത്തിനെത്തിയതൊഴിച്ചാൽ ആരും പാകിസ്താൻ സന്ദർശനത്തിന് തയാറായിരുന്നില്ല.
ലോക ഇലവനിലെ താരങ്ങൾക്ക് 100,000 യു.എസ്. ഡോളർ (ഏകദേശം 63 ലക്ഷം രൂപ) പ്രതിഫലം നൽകിയാണ് െഎ.സി.സിയുടെ അനുമതിയോടെ പി.സി.ബി മത്സരം നടത്തുന്നത്. ലോക ഇലവൻ ടീം: ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റൻ), ഹാഷിം ആംല, കോളിൻ മില്ലർ, ഇമ്രാൻ താഹിർ, മോർനെ മോർക്കൽ (ദക്ഷിണാഫ്രിക്ക), േജാർജ് ബെയ്ലി, ടിം പെയ്ൻ, ബെൻ കട്ടിങ് (ആസ്ട്രേലിയ), തമീം ഇഖ്ബാൽ(ബംഗ്ലാദേശ്), തെസേര പെരേര(ശ്രീലങ്ക), ഗ്രാൻഡ് എലിയറ്റ്(ന്യൂസിലൻഡ്), പോൾ കോളിങ്വുഡ് (ഇംഗ്ലണ്ട്), ഡാരൻ സമ്മി, സാമുവൽ ബദ്രീ (വെസ്റ്റിൻഡീസ്).