ഡെർബൻ: ടെസ്റ്റിലേറ്റ പരാജയത്തിന് കണക്ക് തീർക്കാൻ ആദ്യ ഏകദിനത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടമായി. ഡർബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയർ ആദ്യം ബാറ്റേന്താൻ തീരുമാനിച്ചു. സ്വന്തം നാട്ടിലെ വിജയ ചരിത്രവും ടെസ്റ്റ് പരമ്പരയിലെ മിന്നും വിജയവും ദക്ഷിണാഫ്രിക്കക്ക് മുൻതൂക്കം നൽകുന്നുണ്ട്. നിലവിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതാണ് ദ.ആഫ്രിക്ക. ഇന്ത്യ രണ്ടാമതും.
ആറ് ഏകദിനങ്ങളുള്ള പരമ്പര രാത്രിയും പകലുമായിട്ടായിരിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ഏകദിന പരമ്പരയെന്ന ലക്ഷ്യവും നീലപ്പടക്കുണ്ട്. 1992-93 സീസൺ മുതൽ 28 ഏകദിനങ്ങൾ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുണ്ട്. 21ലും ജയം ആതിഥേയർക്കായിരുന്നു. അഞ്ച് കളിയിൽ ഇന്ത്യ വിജയിച്ചു. രണ്ടു മത്സരങ്ങൾ ഫലമില്ലാതെ പിരിയുകയും ചെയ്തു.