കോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ പ്രക്ഷോഭ പരിപാടികൾ തുടരവേ ചെന്നൈയിലെ െഎ.പി.എൽ മത്സരങ്ങൾ ആശങ്കയുടെ കരിനിഴലിൽ. ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷപാർട്ടികളും കർഷക-തമിഴ് സംഘടനകളും മത്സരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
ഏപ്രിൽ 10നാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരം. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക. ചെന്നൈയിൽ മൊത്തം ഏഴ് മത്സരങ്ങളാണ് അരങ്ങേറുക.
ദ്രാവിഡർ വിടുതലൈ കഴകം, തമിഴക വാഴ്വുരിമൈ കക്ഷി, വിടുതലൈ തമിഴ് പുലികൾ കക്ഷി, തമിഴർ വിടുതലൈ കക്ഷി, എസ്.ഡി.പി.െഎ തുടങ്ങിയ കക്ഷികളാണ് ആദ്യ ഘട്ടത്തിൽ ചെന്നൈയിലെ മത്സരങ്ങൾ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചത്.
ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനും അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരനും ഇതിനെ ന്യായീകരിച്ച് രംഗത്തിറങ്ങി.
എന്നാൽ, ചെന്നൈയിൽ അവസാനഘട്ട നടപടികളും പൂർത്തിയായ നിലയിൽ മാറ്റിെവക്കാനിടയില്ലെന്ന് ക്രിക്കറ്റ് കേന്ദ്രങ്ങൾ അറിയിച്ചു. പൊലീസ് സുരക്ഷ ഏർപ്പെടുത്തി അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനാണ് നീക്കം.