ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രായം തളർത്താത്ത ആരാധികയായ ചാരുലത പട്ടേൽ വിടവാങ്ങി. 87കാരിയായ ചാരുലത പട്ടേലിന ്‍റെ വിയോഗത്തിൽ ബി.സി.സി.ഐ അനുശോചനമറിയിച്ചു.
'ടീം ഇന്ത്യയുടെ കടുത്ത ആരാധികയായ ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയത്തിൽ എന്നുമുണ്ടാകും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും' -ബി.സി.സി.ഐ ട്വീറ്റിൽ പറഞ്ഞു.
പതിറ്റാണ്ടുകളായി താൻ ക്രിക്കറ്റ് മത്സരങ്ങൾ കാണാറുണ്ടെന്ന് ചാരുലത പട്ടേൽ പറഞ്ഞിരുന്നു. 1983ൽ കപിൽദേവിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേട്ടം കൈവരിക്കുമ്പോൾ ദൃക്സാക്ഷിയായി ചാരുലതയുമുണ്ടായിരുന്നു.
പിന്നീട് നിരവധി തവണ ചാരുലതയുടെ ക്രിക്കറ്റ് അഭിനിവേശം വാർത്തകളിൽ ഇടംനേടി. കഴിഞ്ഞ ലോകകപ്പ് സമയത്ത് ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാനായി ചാരുലത സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാർ ചാരുലതയെ കാണുകയും പ്രകീർത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വിരാട് കോഹ്ലിയോടൊപ്പമുള്ള ഇവരുടെ ചിത്രം ഏറെ ശ്രദ്ധേയമായി.