മൗണ്ട്മൗഗാനുയി: തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ് ബിയിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ തുടക്കക്കാരായ പാപ്വ ന്യൂഗിനിയെ 10 വിക്കറ്റിന് തകർത്തെറിഞ്ഞാണ് മുമ്പ് മൂന്നുതവണ ചാമ്പ്യന്മാരായ ഇന്ത്യ അടുത്തഘട്ടം ഉറപ്പാക്കിയത്. പന്തുമായി മായാജാലം കാട്ടിയ സ്പിന്നർ അനുകൂൽ റോയിയുടെയും ബാറ്റിങ്ങിൽ തുടർച്ചയായ അർധശതകം തികച്ച നായകൻ പൃഥ്വി ഷായുടെയും മികവിലാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ഗിനിയെ 21.5 ഒാവറിൽ വെറും 64 റൺസിലൊതുക്കി. ചാമ്പ്യൻഷിപ്പിലെ ഏറ്റവും ചെറിയ സ്കോർ പിന്തുടരാൻ പിന്നീട് ഇന്ത്യക്ക് എട്ട് ഒാവർമാത്രമേ കളിക്കേണ്ടി വന്നുള്ളൂ. ഷാ 39 പന്തിൽ ഒരു ഡസൻ ബൗണ്ടറിയടക്കം 57 റൺസെടുത്തപ്പോൾ ഒമ്പത് റൺസെടുത്ത മൻജോത് കൽറ മറുവശത്ത് കാഴ്ചക്കാരനായി നിന്നു.
കരുത്തരായ ആസ്ട്രേലിയയെ 100 റൺസിന് തോൽപിച്ചതിെൻറ കരുത്തുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഗിനി ബാറ്റ്സ്മാന്മാർക്ക് പിടിച്ചു നിൽക്കാനായില്ല. 6.5 ഒാവറിൽ 14 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത അനുകൂലാണ് കളിയിലെ കേമൻ. ഒവിയ സാം (15), ഒാപണർ സൈമൺ അടായ് (13), സിനാക അറുവ (12) എന്നിവർക്ക് മാത്രമാണ് ഗിനി നിരയിൽ രണ്ടക്കം കടക്കാനായത്.വെള്ളിയാഴ്ച സിംബാബ്വെക്കെതിരെയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം.