കൊൽക്കത്ത: പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറയുടെ കായികക്ഷമത പരിശോധന നടത്താൻ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) വിസമ്മതിച്ചതോടെ വിഷയത്തിൽ തീർപ്പുകൽപിക്കാനായി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇടപെടുന്നു. ഇന്ത്യൻ താരങ്ങളുടെ ആദ്യത്തെയും അവസാനത്തെയും വാക്ക് എൻ.സി.എയാണ്. താരങ്ങളുടെ ഫിറ്റ്നസിനും ചികിത്സക്കുമായി ക്രമീകരിച്ചിരിക്കുന്ന സംവിധാനമാണത്. കളിക്കാർ അവിടെനിന്ന് കായികക്ഷമത തെളിയിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ രാഹുൽ ദ്രാവിഡുമായി സംസാരിക്കും -ഗാംഗുലി പറഞ്ഞു.
പരിക്കേറ്റ് വിദേശത്ത് ചികിത്സയിലായിരുന്ന ബൂംറ പരിക്കിൽ നിന്ന് മുക്തനായിവരാൻ എൻ.സി.എയിൽ തുടർപരിശീലനം നടത്താതെ ഡൽഹി കാപിറ്റൽസിലെ ട്രെയിനറായ രജനികാന്ത് ശിവജ്ഞാനത്തിെൻറ സഹായം തേടിയതാണ് മുൻ നായകൻ രാഹുൽ ദ്രാവിഡ് അധ്യക്ഷനായ എൻ.സി.എയുടെ അതൃപ്തിക്ക് കാരണം. പരിക്കില്‍നിന്ന് തിരിച്ചെത്തുന്നതിെൻറ ഭാഗമായി ബി.സി.സി.ഐയുമായി കരാറിലുള്ള താരങ്ങള്‍ എൻ.സി.എയിൽ എത്തണമെന്നാണ് ചട്ടം.
വിശാഖപട്ടണത്ത് നെറ്റ്സിൽ പന്തെറിഞ്ഞ് മടങ്ങിവന്ന ബൂംറ ഫിറ്റ്നസ് തെളിയിക്കാനായി ബംഗളൂരുവിലെത്തിയപ്പോൾ എൻ.സി.എ കൈയൊഴിഞ്ഞതാണ് വിവാദങ്ങൾക്ക് കാരണം. അക്കാദമിയിൽനിന്ന് പൂർണ കായികക്ഷമത കൈവരിച്ച പേസർ ഭുവനേശ്വർ കുമാർ രണ്ട് മത്സരം കളിച്ചശേഷം വീണ്ടും പരിക്കേറ്റ് പുറത്തായതിനെത്തുടർന്ന് എൻ.സി.എയിലേക്ക് പോകാൻ താരങ്ങൾക്ക് താൽപര്യം കുറവാണ്.