ഷാർജ: പാകിസ്താനെതിരെ രണ്ടു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയവുമായി ബ്ലൈൻഡ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിർത്തി. പാകിസ്താൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 67 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയ സുനിൽ രമേശിെൻറ പ്രകടനമാണ് നിർണായകമായത്.
അജയ് തിവാരി 62 റൺസോടെ ശക്തമായ പിന്തുണ നൽകി. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാക് ബാറ്റിങ് നിരയിൽ 57 റൺസെടുത്ത ബദർ മുനീർ ടോപ് സ്കോററായി. റിയാസത് ഖാന്‍ 48ഉം നിസാര്‍ അലി 47ഉം റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി ദീപക് മാലിക്കും രാംബീറും രണ്ടു വിക്കറ്റ് വീതവും സുനിൽ രമേശ് ഒരു വിക്കറ്റും നേടി.
സെമിയിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ശ്രീലങ്കയെ തോൽപിച്ചാണ് പാകിസ്താൻ ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. ഗ്രൂപ്ഘട്ട മത്സരത്തിലും ഇന്ത്യ പാകിസ്താനെ തോൽപിച്ചിരുന്നു. 2014ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും പാകിസ്താനെ തോൽപിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയിരുന്നത്. ഇതുവരെ നടന്ന ഏഴ് ലോകകപ്പിൽ അഞ്ചിലും കിരീടം ഇന്ത്യക്കായിരുന്നു. ചാമ്പ്യന്മാരായ ടീമിനെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചു