ശ്രീലങ്കയുടെ തോൽവിക്ക് കാരണം ബിസ്ക്കറ്റ് ആണെന്ന് കണ്ടെത്തൽ

12:59 PM
19/08/2017

കൊളംബോ: ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായിരുന്ന ശ്രീലങ്കന്‍ ടീമിൻെറ നിലവിലെ അവസ്ഥ പരിതാപകരമാണ്. ദുർബലരായ സിംബാബ്വെയോടും അയൽക്കാരായ ഇന്ത്യയോടും നാണംകെട്ട തോൽവിയാണ് ലങ്കൻ ടീം ഏറ്റുവാങ്ങിയത്. ഒരു കാലത്ത് പ്രതാപിയായിരുന്നവര്‍ ക്രീസിൽ പ്രയാസപ്പെടുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികളെയും നിരാശരാക്കുന്നു. തോല്‍വികളുടെ കാരണം തേടുകയാണ് ക്രിക്കറ്റ് അധികൃതരും സർക്കാറും. താരങ്ങളുടെ ഫിറ്റ്‌നസ്സ് ഇല്ലായ്മയും തോല്‍വികൾക്ക് കാരണമായെന്നും ഇതിന് പ്രധാന കാരണമായത് ഡ്രസിങ് റൂമിൽ വിതരണം ചെയ്യുന്ന ബിസ്ക്കറ്റ് ആണെന്നും കണ്ടെത്തിയിരിക്കുകയാണ് അധികൃതർ.

ഡ്രസിങ് റൂമിലെ ഇടവേളകളില്‍ കളിക്കാർ പതിവായി കഴിക്കുന്ന ബിസ്ക്കറ്റുകൾ ഫിറ്റ്‌നസ് നഷ്ടപ്പെടുത്തുന്നതായി ഒടുവിൽ ടീം ഡോക്ടറും ഫിസിയോയും ഫിറ്റ്‌നെസ്സ് ട്രെയിനിയും വ്യക്തമാക്കിയത്രേ. ഇതോടെ ടീം മാനേജര്‍ ഗുരുസിന്‍ഹ ബിസ്‌കറ്റിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. താരങ്ങളും തീരുമാനത്തോട് യോജിച്ചെന്നാണ് ഗുരുസിന്‍ഹ പറയുന്നത്. അതേസമയം ബിസ്ക്കറ്റ് നിരോധനത്തിനെതിരെ ചില താരങ്ങള്‍ എതിര്‍ത്തെന്നും പാത്രങ്ങള്‍ എറിഞ്ഞുടച്ചെന്നുമുള്ള വാര്‍ത്തകളും പുറത്തു വന്നു.  

ബിസ്ക്കറ്റ് നിരോധത്തെ താരങ്ങൾ എതിർത്തിട്ടില്ലെന്നാണ് ലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. ഫിസിയോ, ട്രെയ്‌നർ എന്നിവരാണ് കളിക്കാരുടെ ഭക്ഷണത്തിന്റെ ചുമതല നിർവഹിക്കുന്നതെന്നും അവര്‍ പറയുന്നത് അനുസരിക്കാൻ കളിക്കാർ നിർബന്ധിതരാണെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പര നാളെ തുടങ്ങും.
 

COMMENTS