ഫെഡറേഷൻ കപ്പ്: ബംഗളൂരു എഫ്.സിക്ക് വിജയത്തുടക്കം
text_fieldsകട്ടക്: ഫെഡറേഷൻ കപ്പ് ഫുട്ബാളിൽ ബംഗളൂരു എഫ്.സിക്ക് വിജയത്തോടെ തുടക്കം. ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഷില്ലോങ് ലജോങ്ങിനെ 3^2നാണ് നീലപ്പട തോൽപിച്ചത്. തുടക്കം മുതലേ ആക്രമിച്ചുകളിച്ച ബംഗളൂരു എഫ്.സി 35ാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി. നിം ദ്രോജി ടമാങ്ങാണ് ഗോൾ നേടിയത്. ആദ്യ പകുതിക്കുശേഷം 46ാം മിനിറ്റിൽ ലിങ്ദോയിലൂടെ ബംഗളൂരു വീണ്ടും സ്കോർ ഉയർത്തി. ഉണർന്നുകളിച്ച ലജോങ്ങിന് അവസരങ്ങൾ പലതും വന്നെത്തി.
71ാം മിനിറ്റിൽ ലജോങ്ങിന് പെനാൽറ്റി ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽതന്നെ (72) യുട്ട കിനോവാക്കി ഗോൾ നേടി ലജോങ്ങിന് പ്രതീക്ഷ നൽകി. എന്നാൽ, 74ാം മിനിറ്റിൽ ബംഗളൂരു വീണ്ടും ഗോൾ നേടി വിജയം ഉറപ്പിച്ചു. 85ാം മിനിറ്റിൽ ലേജാങ് രണ്ടാം ഗോൾ നേടി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനാവാത്തതോടെ ഫെഡറേഷൻ കപ്പിൽ ആദ്യ മത്സരത്തിൽ തന്നെ ലജോങ് തോൽവി ഏറ്റുവാങ്ങി.
മറ്റൊരു മത്സരത്തിൽ ശക്തരായ മോഹൻ ബഗാൻ ഡി.എസ്.കെ ശിവാജിയൻസിനെ 3^0ത്തിന് തോൽപിച്ചു.
