ന്യൂഡൽഹി: വിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായതിനു പിന്നാലെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ മുരളി വിജയ്, കരുൺ നായർ എന്നിവരോട് വിശദീകരണം തേടാനൊരുങ്ങി ബി.സി.സി.െഎ. ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി കരാറിലെത്തിയ താരങ്ങൾ മാധ്യമങ്ങൾക്കു മുമ്പാകെ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് അച്ചടക്കലംഘനമാണെന്ന് ബി.സി.സി.െഎ വൃത്തങ്ങൾ പ്രതികരിച്ചു. ‘‘സെലക്ഷൻ േപാളിസിയെക്കുറിച്ച് സംസാരിച്ച വിജയും കരുൺ നായരും ശരിയായ സമീപനമല്ല സ്വീകരിച്ചത്. ഇൗ മാസം 11ന് ഹൈദരാബാദിൽ ചേരുന്ന സി.ഒ.എ മീറ്റിങ്ങിൽ ഇൗ വിഷയം ചർച്ചചെയ്യും’’ -ബി.സി.സി.െഎ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ വാർത്ത ഏജൻസിയോട് പറഞ്ഞു.
ടീമിൽനിന്ന് പുറത്താക്കിയതിനെ സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു വിജയും കരുൺ നായരും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ‘‘ഇരുവരുടെയും പ്രസ്താവനകൾ നീതീകരിക്കാനാവത്തതാണ്. സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ആശയവിനിമയമുണ്ടായിട്ടില്ലെന്ന വാദം തെറ്റാണ്. അവരുടെ കാര്യം ഞങ്ങൾ ചർച്ചചെയ്യും’’ -ശനിയാഴ്ച നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ സി.ഒ.എ മേധാവി വിനോദ് റായ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും കരുൺ നായർക്ക് ഒരു മത്സരംപോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടയിലാണ് വിജയിയെ പുറത്താക്കുന്നത്. ഇതിനെതിരെ സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.