ന്യൂഡൽഹി: 2018 മുതൽ 2023 വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ആഭ്യന്തര- അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുടെ ടെലിവിഷൻ- ഡിജിറ്റൽ അവകാശങ്ങൾ സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടിക്കാണ് സംപ്രേക്ഷണ അവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ബി.സി.സി.ഐ നടത്തിയ ലേലത്തിൽ സോണിയും ജിയോയും കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും സ്റ്റാർ ഇന്ത്യ ലേലം നേടി.
അടുത്ത അഞ്ചു വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൻെറ സംപ്രേക്ഷണാവകാശം 16,347.5 കോടി രൂപ നൽകി സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതിയ ലേലത്തോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും അവകാശം സ്റ്റാർ ഇന്ത്യക്ക് സ്വന്തമായി. 2018 ജൂൺ മുതൽ 2023 മാർച്ച് വരെ നടക്കുന്ന 102 ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണവകാശമാണ് ലഭിക്കുക. ഇത് പ്രകാരം ഓരോ കളിയിൽ നിന്നും 60.1 കോടി രൂപക്കടുത്താണ് ബി.സി.സി.ഐക്ക് ലഭിക്കുക. നേരത്തേ 2012-2018 കാലയളവിൽ ഇന്ത്യയുടെ ഹോം മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം 3851 കോടി നൽകിയാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നത്.
ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുൾപ്പെടെ ആറു കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവർക്ക് മാത്രമാണ് ഓൺലൈൻ ലേലത്തിന് യോഗ്യതയുള്ളതായി കണ്ടെത്തിയത്.