ന്യൂഡൽഹി: പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീമുമായി ഏകദിന മൽസരം ഇന്ത്യയിൽ കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പ െട്ട് ബി.സി.സി.ഐ കേന്ദ്രസർക്കാറിന് കത്തയച്ചു. പാകിസ്താൻ ടീമുമായി ഒഴിവാക്കാൻ കഴിയാത്ത ചില മൽസരങ്ങൾ കളിക്കാൻ അനുവദിക്കണമെന്നാണ് ക്രിക്കറ്റ് ബോർഡിൻെറ ആവശ്യം.
കേന്ദ്രകായിക മന്ത്രാലയത്തിന് മെയ് 26നാണ് ബി.സി.സി.ഐ കത്തയച്ചിരിക്കുന്നത്. ഐ.സി.സി വനിതാ ചാമ്പ്യൻഷിപ്പ് നടത്തുന്നുണ്ട്. ഇതിൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് ടീമുകൾ കളിക്കേണ്ടത്. ടൂർണമെൻറിലെ പ്രകടനത്തിൻെറ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിൽ കളിക്കാൻ സാധിക്കുക. അതുകൊണ്ട് പാകിസ്താൻ ടീമുമായി കളിക്കാൻ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഐ.സി.സിയുടെ മൽസരക്രമമനുസരിച്ച് ഏകദേശം 3 ഏകദിന മൽസരങ്ങൾ ജൂലൈ മുതൽ നവംബർ മാസത്തിനിടയിൽ ഇന്ത്യൻ വനിതാ ടീമിനു പാകിസ്താൻ ടീമുമായി കളിക്കേണ്ടി വരും. ഇതിനുള്ള അനുമതി ആവശ്യപ്പെട്ടാണ് ബി.സി.സി.ഐ കേന്ദ്രസർക്കാറിന് കത്തയച്ചിരിക്കുന്നത്. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിൻെറ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും കായിക മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കായിക മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.