ന്യൂഡൽഹി: മുൻ ബി.സി.സി.െഎ പ്രസിഡൻറ് അനുരാഗ് ഠാകുറിനോട് നിരുപാധികം മാപ്പു പറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യകേസിൽ നേരത്തെ ഠാകുർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശം. നിരുപാധികം മാപ്പു പറഞ്ഞ് ഒരു പേജുള്ള സത്യവാങ്മൂലം പുതുതായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ക്ഷമാപണം സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കാമെന്ന സൂചനയും സുപ്രീംകോടതി ബി.ജെ.പി എം.പി കൂടിയായ ഠാകുറിന് നൽകി. ജൂലൈ 14ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കേസ് അന്നേക്ക് മാറ്റുകയും ചെയ്തു. ബി.സി.സി.െഎ കേസിൽ തെറ്റായ വിവരം നൽകി സത്യവാങ്മൂലം സമർപ്പിച്ചതിനാണ് ഠാകുറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തുടക്കമിട്ടത്.