ധാക്ക: വിജയമുറപ്പിച്ച ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് അപ്രതീക്ഷിത തോൽവി. 20 റൺസിനാണ് ഒാസീസ് സംഘം ബംഗ്ലാ കടുവകളോട് തോറ്റത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ്1-0ത്തിന് മുന്നിലെത്തി. സ്കോർ: ബംഗ്ലേദേശ്260, 221.ആസ്ട്രേലിയ 217 ,244. ടെസ്റ്റ് ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിൻെറ ആദ്യ വിജയമാണിത്.
ഒന്നാം ഇന്നിങ്സിൽ 43 റൺസ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 221 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ രണ്ടു ദിവസം ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ് ഇന്നലെ കളിയവസാനിപ്പിച്ചത്.ഡേവിഡ് വാർണർ , സ്റ്റീവൻ സ്മിത്ത് എന്നിവർ ക്രീസിൽ നിൽക്കേ ഒാസീസ് സംഘം വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. മാറ്റ് റെൻഷോയും (5), ഉസ്മാൻ ഖാജ(1)യുമാണ് ഇന്നലെ പുറത്തായത്.

എട്ട് വിക്കറ്റ് ബാക്കിനിൽക്കെ ജയിക്കാൻ 156 റൺസ് കൂടി മതിയെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആസ്ട്രേലിയ അഞ്ച് വിക്കറ്റ് നേടിയ ശാക്കിബ് ഹസൻറെ മാരക ബൗളിനു മുന്നിൽ വീണു പോവുകയായിരുന്നു. ഡേവിഡ് വാർണർ (112) , സ്റ്റീവൻ സ്മിത്ത് (37) എന്നീ ഒാസീസ് കുന്തമുനകളെ മടക്കിയാണ് ശാക്കിബ് കൊടുങ്കാറ്റ് വീശിയത്. ടീം സ്കോർ 158 റൺസിലെത്തി നിൽക്കെയാണ് വാർണർ പുറത്താകുന്നത്. തൊട്ടുപിറകേ സ്മിത്തും ക്രീസ് വിട്ടു. ഹാൻഡ്സ്കോം (15), ഗ്ലെൻ മാക്സ്വെൽ (14), മാത്യൂ വെയ്ഡ്(4), ആഷ്ടൻ അഗർ(2), നഥാൻ ലിയോൺ, ജോഷ് ഹസൽവുഡ് എന്നിവർ വന്ന പോലെ മടങ്ങി. പാറ്റ് കമ്മിൻസ് 33 റൺസെടുത്ത് പുറത്താകാതെ നിന്നു. തൈജുൽ ഇസ്ലാം മൂന്നും മെഹ്ദി ഹസൻ രണ്ടും വിക്കറ്റെടുത്തു. 28 ഒാവറിൽ 85 റൺസ് വിട്ടുകൊടുത്താണ് ശാക്കിബ് അഞ്ച് വിക്കറ്റ് കൊയ്തത്. ലോകത്തെ മികച്ച ആൾ റൗണ്ടർമാരിൽ ഒരാളെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിലെ ശാക്കിബിൻെറ പ്രകടനം. മൊത്തം പത്ത് വിക്കറ്റ് നേടിയ ഷാക്കിബ് ഒന്നാം ഇന്നിങ്സിൽ 84 റൺസ് നേടിയിരുന്നു.

ചൊവ്വാഴ്ച രണ്ടാം ഇന്നിങ്സിൽ ഒന്നിന് 45 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് തകർച്ച എളുപ്പത്തിലായിരുന്നു. ഒാപണർ തമിം ഇഖ്ബാൽ (78), മുഷ്ഫിഖുർറഹിം (41) എന്നിവർ ചെറുത്തു നിന്നെങ്കിലും ഒന്നാം ഇന്നിങ്സിലെ ലീഡ് മേധാവിത്വം നിലനിർത്താനായില്ല.