ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയ ജയത്തിനരികെ. ഒന്നാം ഇന്നിങ്സിൽ 43 റൺസ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 221 റൺസിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ രണ്ടു ദിവസം ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ്. ഡേവിഡ് വാർണർ (75), സ്റ്റീവൻ സ്മിത്ത് (25) എന്നിവരാണ് ക്രീസിൽ. മാറ്റ് റെൻഷോയും (5), ഉസ്മാൻ ഖാജ(1)യുമാണ് പുറത്തായത്. എട്ട് വിക്കറ്റ് ബാക്കിനിൽക്കെ ഒാസീസിന് ജയിക്കാൻ 156 റൺസ് കൂടി മതി.
ചൊവ്വാഴ്ച രണ്ടാം ഇന്നിങ്സിൽ ഒന്നിന് 45 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് തകർച്ച എളുപ്പത്തിലായിരുന്നു. ഒാപണർ തമിം ഇഖ്ബാൽ (78), മുഷ്ഫിഖുർറഹിം (41) എന്നിവർ ചെറുത്തു നിന്നെങ്കിലും ഒന്നാം ഇന്നിങ്സിലെ ലീഡ് മേധാവിത്വം നിലനിർത്താനായില്ല. നതാൻ ലിയോൺ ആറും ആഷ്ടൺ ആഗർ രണ്ടും വിക്കറ്റ് വീഴ്ത്തി.