ലണ്ടൻ: പ്രോട്ടീസ് കണക്കുകൂട്ടലുകളെല്ലാം തെറ്റിയ ദിനമായിരുന്നു ഞായറാഴ്ച. ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിെൻറ മുറിവുണക്കാൻ ബംഗ്ലാദേശിനെതിരെ പാഡ് കെട്ടിയിറങ്ങിയ ദക്ഷിണാഫ്രിക്ക കടുവകളുടെ പ്രഹരവും ഏറ്റുവാങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ശക്തരായ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കുമേൽ വ്യക്തമായ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് അടിച്ചുകൂട്ടിയത്. എൻഗിഡിയും റബാദയും ഉൾപ്പെടുന്ന പ്രോട്ടീസ് മുൻനിര പേസർമാർ നിറംമങ്ങിയ മത്സരത്തിൽ ശാകിബും മുഷ്ഫിഖുർറഹീമും ഉൾപ്പെടുന്ന ബാറ്റിങ്നിര ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾക്കുമേൽ റൺമല തീർക്കുകയായിരുന്നു. ഒാപണർമാരായ തമീം ഇഖ്ബാലും (16) സൗമ്യ സർക്കാറും (42) ചേർന്നു നൽകിയ മികച്ച തുടക്കം മധ്യനിര ഏറ്റെടുത്തു..
ശാകിബുൽ ഹസൻ 84 പന്തിൽ 75 റൺസെടുത്തപ്പോൾ മുഷ്ഫിഖുർറഹീം 80 പന്തിൽ 78 റൺസെടുത്തു. പുറത്താവാതെ 46 റൺസെടുത്ത മഹ്മൂദുല്ല, മുഹമ്മദ് മിഥുൻ (21), മുസദ്ദക് ഹുസൈൻ (26) തുടങ്ങിയവരും ബംഗ്ലാ ബാറ്റിങ്ങിന് കരുത്തേകി.

ഇംറാൻ താഹിറും മോറിസും പെഹ്ലുക്വായോയും രണ്ടു വിക്കറ്റ് വിതം വീഴ്ത്തി ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക് ഡികോക്കും മർക്രമും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മുതലെടുക്കാനായില്ല. ക്യാപ്റ്റൻ ഡുപ്ലസിസും (62) ഡുമിനിയും (45) വിജയതീരത്തെത്തിക്കുമെന്ന് തോന്നലുണ്ടാക്കിയെങ്കിലും ബംഗ്ലാദേശ് ടീം വിരിച്ചവലയിൽ ഒാരോരുത്തരായി വീഴുകയായിരുന്നു. ബംഗ്ലാദേശ് മുൻനിര ബൗളർ മുസ്തഫിസുർ മൂന്നു വിക്കറ്റും മുഹമ്മദ് സൈഫുദ്ദീൻ രണ്ടു വിക്കറ്റും വീഴ്ത്തി പ്രോട്ടീസ് പ്രതീക്ഷകൾക്കുമേൽ ആഞ്ഞു പ്രഹരിച്ചു.