ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ മഷ്‌റഫെ മുര്‍തസ സജീവ രാഷ്ട്രീയത്തിലേക്ക്. ഭരണ കക്ഷിയായ അവാമി ലീഗിെൻറ സ്ഥാനാർഥിയായി താരം അടുത്ത മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാർട്ടിവ്യത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷൈഖ് ഹസീന, അദ്ദേഹത്തിെൻറ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായാണ് വിവരം.
മത്സരിക്കാന്‍ മുര്‍തസ സമ്മതമറിയിച്ചതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. താരം ശൈഖ് ഹസീനക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വ്യാപകമായി പത്രങ്ങളുടെ മുൻപേജുകളിൽ വന്നിരുന്നു. ഹസീനക്ക് ബംഗ്ലാദേശിൽ ഇത് മൂന്നാം ഉൗഴമാണ്.
ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് മുപ്പത്തഞ്ചുകാരനായ മുര്‍താസ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. താരങ്ങൾക്ക് രാഷ്ട്രീയ പ്രവേശനത്തിന് യാതൊരു തടസ്സവുമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതായി എ.എഫ്.പി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തം നാട്ടിൽ തന്നെയായിരിക്കും മുർതസ മാറ്റുരക്കുക.
ക്രിക്കറ്റർമാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ പുതുമയല്ല. പാകിസ്താനിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായതും ഇന്ത്യയിൽ നവ്ജോദ് സിങ് സിദ്ധുവിെൻറ വിജയവും അതിനുള്ള ഉദാഹരണങ്ങളാണ്. മുർതസയുടെ തെരഞ്ഞെടുപ്പിലെ പ്രകടനം കാത്തിരിക്കുകയാണ് ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രേമികളും വോട്ടർമാരും.