കണ്ണൂര്‍: കേരളത്തിന് സ്വന്തം മണ്ണിൽ ആദ്യ രഞ്ജി വിജയം സമ്മാനിച്ച കേരള ക്രിക്കറ്റ് ടീം നായകനും കാലിക്കറ്റ് വാഴ്സിറ്റി കോച്ചുമായിരുന്ന ബാബു അച്ചാരത്ത് (84) നിര്യാതനായി. കണ്ണൂര്‍ പുഴാതി ഹൗസിങ് കോളനിയിലെ ‘സെഞ്ച്വറി’യിലായിരുന്നു താമസം. ഖബറടക്കം ബുധനാഴ്ച ഉച്ച 12.30ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ക്രിക്കറ്റിൽ ഒാൾറൗണ്ട് വിസ്മയം തീർത്ത കളിക്കാരനാണ് ബാബു അച്ചാരത്ത്. ബാറ്റ്സ്മാനായും മീഡിയം പേസറായും ഫീൽഡറായും ഇേദ്ദഹം തിളങ്ങി. നേതൃപാടവമുള്ള നായകൻ കൂടിയായിരുന്നു. നിരവധി മികച്ച ക്രിക്കറ്റർമാരെ സംഭാവന ചെയ്ത തലശ്ശേരിയിലെ അച്ചാരത്ത് തറവാട്ടിൽ 1934 ജൂൺ രണ്ടിനായിരുന്നു ജനനം.
1956-57 സീസണിൽ ആന്ധ്രക്കെതിരായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. അന്ന് ട്രാവൻകൂർ -കൊച്ചി ടീമായിരുന്നു രഞ്ജിയിൽ കളിച്ചിരുന്നത്്. കേരളം രൂപവത്കരിച്ചപ്പോൾ സംസ്ഥാന ടീമിലും കളിച്ചു. 1963-65 കാലഘട്ടത്തിലാണ് കേരള ടീമിനെ നയിച്ചത്. 1972ല്‍ കാലിക്കറ്റ് സര്‍വകലാശാല ക്രിക്കറ്റ് ടീം പരിശീലകനായി. 22 വര്‍ഷം ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സര്‍വകലാശാല ടീം സെലക്ടര്‍, മുഖ്യ പരിശീലകന്, കേരള ജൂനിയര്‍ ടീമിെൻറയും സീനിയര്‍ ടീമിെൻറയും സെലക്ടര്‍, അഞ്ചുതവണ കേരള ടീം മാനേജര്‍, വി.സി ട്രോഫിക്കുള്ള ദക്ഷിണ മേഖല ടീം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന് നെറ്റ്സ് ആന്‍ഡ് കോച്ചിങ് സെൻറർ ചെയര്മാൻ, കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
തലശ്ശേരി അച്ചാരത്ത് തറവാട്ടില്‍ പോക്കു കേയിയുടെയും ബിച്ചുമ്മയുടെയും മകനാണ്. ഭാര്യ: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിെൻറ സഹോദരി എടപ്പകത്ത് റംലാബീവി. മക്കള്‍: റഷീദാബാനു (ഖത്തര്‍), മുഷ്താഖ് അലി (കുവൈത്ത്), പരേതയായ സൈറാബാനു. മരുമക്കള്‍: അഷറഫ് ബാബു (എല്‍.ഐ.സി െഡവലപ്മെൻറ് ഓഫിസര്‍, കണ്ണൂര്‍), മൊയ്തീന് പടിയത്ത് (ഖത്തര്‍), ഷബ്നം മുഷ്ത്താഖ്. സഹോദരങ്ങള്‍: മറിയം, ജാഫര്‍, അബ്ദുൽ ഖാദര്‍, ഉമ്മര്‍, പരേതരായ മൊയ്തുസാഹിബ്, ഉമ്മി.