നാലാം ദിനം കളിച്ചത് മഴ; ഒാസീസ് രണ്ടിന് 103
text_fieldsമെൽബൺ: അലിസ്റ്റർ കുക്കിെൻറ ഇരട്ട സെഞ്ച്വറിയെയും ഇംഗ്ലണ്ടിെൻറ വിജയ ദാഹത്തെയും തണുപ്പിച്ച് ആഷസിൽ മഴ വില്ലനാവുന്നു. പരമ്പര കൈവിട്ട് ആശ്വാസ ജയം തേടിയിറങ്ങിയ മെൽബൺ ടെസ്റ്റിെൻറ നാലാം ദിനത്തിൽ കളിച്ചത് മഴ. ഒന്നാം ഇന്നിങ്സിൽ ലീഡ് പിടിച്ചിറങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയൻ വിക്കറ്റുകൾ എളുപ്പം വീഴ്ത്താനാണ് മോഹിച്ചതെങ്കിലും ഉച്ചകഴിഞ്ഞെത്തിയ മഴ കളിയുടെ താളം നഷ്ടപ്പെടുത്തി. 43 ഒാവറുകൾ മാത്രമെറിഞ്ഞപ്പോൾ ഒാസീസ് രണ്ടിന് 103 റൺസ് എന്ന നിലയിലാണ്. ഒരു ദിനം മാത്രം ബാക്കിനിൽക്കെ, ലീഡ് മറികടക്കാൻ ആസ്ട്രേലിയക്ക് 61 റൺസ് മതി. ഒാപണർ ഡേവിഡ് വാർണറും (40) ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തുമാണ് (25) ക്രീസിൽ. കാമറോൺ ബാൻക്രോഫ്റ്റ് (27), ഉസ്മാൻ ഖവാജ (11) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.

നാലാം ദിനം ഇംഗ്ലണ്ടിന് ഒരു റൺസ്പോലും സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായില്ല. ആദ്യ പന്തിൽ തന്നെ ക്രീസിലുണ്ടായിരുന്ന ജെയിംസ് ആൻഡേഴ്സൺ (0) പുറത്തായി. പാറ്റ് കമ്മിൻസിെൻറ പന്തിൽ ബ്രാൻക്രോഫ്റ്റിന് ക്യാച്ച് നൽകിയാണ് പുറത്തായത്. മറുവശത്ത് ഇരട്ടശതകം നേടിയ കുക്ക് (244) പുറത്താകാതെ നിന്നു. 164 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡുമായാണ് ഇംഗ്ലണ്ട് ബൗളിങ്ങിനെത്തിയത്. കാമറോൺ ബാൻക്രോഫ്റ്റിനെ (27) പുറത്താക്കി ക്രിസ് വോക്സാണ് ഇംഗ്ലണ്ടിന് ആദ്യ വഴിത്തിരിവുണ്ടാക്കിയത്. രണ്ടാമനായി ക്രീസിലെത്തിയ ഉസ്മാൻ ഖവാജയെ ആൻഡേഴ്സണും പുറത്താക്കിയതോടെ ഒാസീസ് പേടിച്ചു. വാർണർറും (40) ക്യാപ്റ്റൻ സ്മിത്തും (25) കരുതലോടെയാണ് ബാറ്റുവീശിയത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ തിരക്കഥമാറി. ആദ്യം ഏതാനും സമയം കളി മുടക്കിയ മഴ പിൻവാങ്ങിയെങ്കിലും പിന്നീട് കരുത്തോടെ തിരിച്ചെത്തി. ഇതോടെ, ഒരു പന്തുപോലും എറിയാതെ കളി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
