ദുബൈ: അവസരം ലഭിച്ചപ്പോൾ മികച്ചൊരു നായകനെന്ന് വീണ്ടും തെളിയിച്ചു രോഹിത് ശർമ. പകരക്കാരനായെത്തിയ ക്യാപ്റ്റൻസിയിൽ ഇത് രണ്ടാംതവണയാണ് രോഹിത് ഇന്ത്യക്ക് മികച്ച കിരീടങ്ങൾ സമ്മാനിക്കുന്നത്. ഇൗ കഴിഞ്ഞ മാർച്ചിൽ ശ്രീലങ്ക വേദിയായ നിദാഹാസ് ട്രോഫി ഏകദിന പരമ്പരയിലായിരുന്നു ആദ്യ നിയോഗം. കോഹ്ലിയും ധോണിയുമില്ലാത്ത ടീമിനെ യുവതാരങ്ങളുടെ മിടുക്കിലൂടെ രോഹിത് കിരീടത്തിലെത്തിച്ചു. അന്നും ഫൈനലിലെ എതിരാളി ബംഗ്ലാദേശായിരുന്നു.
ഇപ്പോൾ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞതിനു പിന്നാലെ കോഹ്ലിക്ക് വിശ്രമം നൽകിയപ്പോൾ രോഹിത് വീണ്ടും നായകനായി. ധോണി, ശിഖർ ധവാൻ, രവീന്ദ്ര ജദേജ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം രോഹിത് വീണ്ടുമൊരിക്കൽ വിജയ നായകനായപ്പോൾ ഏകദിനത്തിലെ മികച്ചൊരു ക്യാപ്റ്റനെയാണിപ്പോൾ തെളിയുന്നത്. ലോകകപ്പിന് ടീമിനെയൊരുക്കുന്ന ടീം ഇന്ത്യ രോഹിതിലെ ക്യാപ്റ്റനെ നിലനിർത്തുമോയെന്നാണ് അടുത്ത ചോദ്യം.
എന്നാൽ, ഉത്തരവുമായി അദ്ദേഹം റെഡി. ഏഷ്യാകപ്പ് കിരീട വിജയത്തിനു പിന്നാലെ മധ്യമങ്ങളുടെ ചോദ്യത്തിനും രോഹിത് അനുകൂലമായാണ് പ്രതികരിച്ചത്. ‘ഇപ്പോൾ തന്നെ ഒരു കിരീടം ജയിച്ചുകഴിഞ്ഞു. അവസരം ലഭിച്ചാൽ ടീമിെൻറ സ്ഥിരം ക്യാപ്റ്റൻസി ഏറ്റെടുക്കാൻ സന്നദ്ധമാണ്’ -രോഹിത് പറഞ്ഞു. ബൗളർമാരെ അവസരത്തിനൊത്ത് ഉപയോഗിക്കാനും മർമമറിഞ്ഞ ഫീൽഡിങ് വിന്യാസവും കൊണ്ട് രോഹിതിലെ നായകനും കൈയടി നേടി.
കോച്ച് രവിശാസ്ത്രിയുടെ വാക്കുകൾ സാക്ഷ്യം -‘കളിക്കിടയിൽ രോഹിതിെൻറ അക്ഷോഭ്യമായ സമീപനത്തിലുണ്ട് ക്യാപ്റ്റൻസിയുടെ മികവ്. ഫൈനലിൽ ബംഗ്ലാദേശ് ഗംഭീരമായി തുടങ്ങിയപ്പോഴും അദ്ദേഹം ശാന്തനായിരുന്നു. എതിരാളി ശക്തമായ നിലയിലായിരുന്നപ്പോൾ ബൗളിങ് മാറ്റങ്ങൾ നിർണായകമായി. അവസാന 30 ഒാവറിൽ 100റൺസ് മാത്രമേ വഴങ്ങിയുള്ളൂ’ -രവിശാസ്ത്രി പറയുന്നു.
ഒാപണർ എന്ന നിലയിൽ ശിഖർ ധവാനൊപ്പം വിശ്വസനീയമായൊരു കൂട്ട് സൃഷ്ടിച്ച രോഹിത്, ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമാണ് ടൂർണമെൻറിൽ അടിച്ചുകൂട്ടിയത്.
കളിക്കളത്തിൽ തെൻറ ശാന്തസ്വഭാവത്തിന് മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടാണ് അദ്ദേഹം നന്ദി പറയുന്നത്. ‘ധോണി ഭായിൽനിന്ന് എപ്പോഴും പഠിക്കാനുണ്ടാവും. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. ഗ്രൗണ്ടിൽ എേപ്പാൾ എന്ത് സംശയമുണ്ടെങ്കിലും ഉത്തരവുമായി ധോണിയുണ്ടാവും. എെൻറ സ്വഭാവത്തിലെ ശാന്തതയും ധോണിയിൽനിന്ന് പഠിച്ചതാണ്. ഏത് സമ്മർദ ഘട്ടങ്ങളിൽ തീരുമാനമെടുക്കുേമ്പാഴും അദ്ദേഹത്തിന് പരിഭ്രമമില്ല. അതെല്ലാം എെൻറ ശൈലിയിലുമുണ്ട്’ -രോഹിത് പറയുന്നു.
കളിക്കളത്തിലെ ശാന്തതയിലും ബാറ്റിങ്ങിലെ കരുത്തിലും തീരുമാനങ്ങളിലും മാത്രമൊതുങ്ങുന്നില്ല കാര്യങ്ങൾ. ടൂർണമെൻറിൽ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിലും ഡി.ആർ.എസ് ഉപയോഗിക്കുന്നതിലും രോഹിത് മികച്ച ക്യാപ്റ്റനായി. െഎ.പി.എല്ലിൽ മുംബൈയെ രണ്ടുതവണ കിരീടമണിയിച്ച നായകന് നീലക്കുപ്പായത്തിലും ഇരിപ്പുറക്കുന്ന കാലം വിദൂരമല്ല.