പെർത്ത്: മഴ നനഞ്ഞ പിച്ചിൽ അവസാന ദിനം ഇംഗ്ലണ്ട് െപാരുതി നോക്കിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര നേട്ടത്തോടെ ആഷസ് ട്രോഫി ആസ്ട്രേലിയ വീണ്ടെടുത്തു. ഇന്നിങ്സിനും 41 റൺസിനുമാണ് ടെസ്റ്റ് പരമ്പര സ്മിത്തും സംഘവും സ്വന്തമാക്കിയത്. 259 റൺസിെൻറ ഒന്നാം ഇന്നിങ്സ് കടവുമായി കളത്തിലെത്തിയ ഇംഗ്ലണ്ട് അവസാന ദിനം 218ന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0 ന് ഒാസീസ് മുന്നിെലത്തി. ഇതോടെ ചരിത്രത്തിലാദ്യമായി ആഷസ് മത്സര വിജയത്തിൽ ഒാസീസ് ഇംഗ്ലണ്ടിനെ മറികടന്നു(33^32). കഴിഞ്ഞ തവണ ഇംഗ്ലണ്ടായിരുന്നു(3-2) ആഷസ് ജേതാക്കൾ. സ്കോർ: ഇംഗ്ലണ്ട്-403, 218 ഒാസീസ്-662/9 ഡിക്ല.

നാലിന് 132 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടിയിരുന്നത് 127 റൺസായിരുന്നു. 18 റൺസുമായി ക്രീസിലുണ്ടായിരുന്ന ജോണി ബെയർസ്റ്റോയെ ഒരു റൺസുപോലും കൂട്ടിച്ചേർക്കാനനുവദിക്കാതെ പുറത്താക്കി ഹേസൽവുഡാണ് തിങ്കളാഴ്ച വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഡേവിഡ് മലാൻ അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ചെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. മുഇൗൻ അലി(11), ക്രിസ് വോക്സ്(22), ക്രെയ്ഗ് ഒാവർടൺ(12), സ്റ്റുവർട്ട് ബ്രോഡ്(0) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മലാനെ (54) ഹേസൽവുഡ് തന്നെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിെൻറ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജെയിംസ് ആൻഡേഴ്സൺ(1) പുറത്താകാതെ നിന്നു. ഇരു ഇന്നിങ്സുകളിലുമായി ഹേസൽവുഡ് എട്ടുവിക്കറ്റ് വീഴ്ത്തി. ഇരട്ടശതകം കുറിച്ച് മത്സരത്തിെൻറ ഗതിമാറ്റിയ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മാൻഒാഫ് ദി മാച്ച്. 26ന് മെൽബണിലാണ് നാലാം മത്സരം.