കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിെൻറ പ്രകടനം മോശമാവുന്നതിൽ രോഷംപൂണ്ട് മുൻ ക്യാപ്റ്റനും പാർലമെൻറംഗവുമായ അർജുന രണതുംഗ രംഗത്ത്. ടീമിനും ഒഫീഷ്യലുകൾക്കുമെതിരെ അടുത്തിടെ ഉയർന്ന ഒത്തുകളിയാരോപണം ചൂണ്ടിക്കാട്ടിയ രണതുംഗ, ഒത്തുകളിയിൽ ക്രിക്കറ്റ് ബോർഡ് തലവൻ തിലംഗ സുമതിപാലയുടെ പങ്ക് െഎ.സി.സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
നാണംകെട്ട പ്രകടനത്തിന് ഉത്തരവാദി സുമതിപാലയാണെന്നും ടീമിന് ചിട്ടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് കാരണം താരങ്ങളല്ലെന്നും ബോർഡ് തലവനാണെന്നും ‘96 ലോകകപ്പിൽ ശ്രീലങ്കൻ ടീമിനെ ജേതാക്കളാക്കിയ മുൻ ക്യാപ്റ്റൻ ആരോപിച്ചു. ഏറ്റവും മോശം സീസണിലൂടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. ഇന്ത്യയുമായി നടക്കുന്ന ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് കൂടാതെ, കഴിഞ്ഞ റാങ്കിങ്ങിൽ ഏറ്റവും താഴെ കിടക്കുന്ന സിംബാബ്വെയോടും ടീം തോറ്റിരുന്നു. ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിൽ ഗ്രൂപ് റൗണ്ടിൽ തന്നെ ടീം പുറത്തായിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിെൻറ തലപ്പത്തേക്ക് കടന്നുവരാനുള്ള രണതുംഗയുടെ നീക്കമായും വിമർശനം വിലയിരുത്തപ്പെടുന്നു.