ആദ്യത്തെ നാല് പന്തിലും വിക്കറ്റ്. പിന്നെയൊരു വൈഡ്. അടുത്ത പന്തിൽ ഒരു റൺസ്. ആറാം പന്തിൽ വീണ്ടും വിക്കറ്റ്. റെക്ക ോഡുകൾ കടപുഴകിയ ഓവറിൽ അഭിമന്യു മിഥുൻ നേടിയത് ആകെ അഞ്ച് വിക്കറ്റാണ്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിര െ നടന്ന മത്സരത്തിലാണ് കർണാടക്ക് വേണ്ടി കളിച്ച മിഥുൻ റെക്കോഡിട്ടത്.
ട്വന്‍റി20 മത്സരത്തിൽ ഓവറിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോഡിനൊപ്പം ട്വന്‍റി20യിൽ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റ് നേട്ടമെന്ന റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ശ്രീലങ്കൻ താരം ലസിത് മലിംഗ നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു.
19 ഓവറിൽ മൂന്നിന് 192 എന്ന നിലയിൽ ഹരിയാന ബാറ്റിങ് തുടരുമ്പോഴാണ് അവസാന ഓവർ എറിയാനായി മിഥുൻ എത്തുന്നത്. ഓവർ പൂർത്തിയാകുമ്പോഴേക്കും എട്ടിന് 194 എന്ന നിലയിലെത്തി. അതിന് മുമ്പ് എറിഞ്ഞ മൂന്ന് ഓവറിൽ 37 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിലൂടെ നേട്ടം കൊയ്യുകയായിരുന്നു ഈ മീഡിയം പേസർ.
വിജയ് ഹസാരെ ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ മിഥുൻ ഹാട്രിക് നേടിയിരുന്നു.