ഇന്ത്യ- ബംഗ്ലാദേശ് മത്സരം; സാമൂഹിക മാധ്യമങ്ങളിൽ താരമായി 87 കാരി

11:28 AM
03/07/2019

എഡ്ജ്ബാസ്റ്റൺ: ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാല സാമൂഹിക മാധ്യമങ്ങളിൽ താരമായി ഇന്ത്യയുടെ 87 കാരിയായ ആരാധിക. ചാരുലത പട്ടേലെന്ന മുത്തശ്ശിയാണ് പ്രായത്തിൻെറ അവശതകൾ ഇല്ലാതെ നീലപ്പടയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരം ജയിച്ചതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ചേർന്ന് ആരാധികയെ നേരിൽ കണ്ടു.

സെമി മത്സരങ്ങൾക്ക് താരങ്ങൾ അവരിൽ നിന്ന് അനുഗ്രഹം തേടി. നിരവധി വർഷങ്ങളായി താൻ ക്രിക്കറ്റ് കാണാറുണ്ടെന്നും ടീമിൻെറ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ചാരുലത പട്ടേൽ പറഞ്ഞു. "ലോകകപ്പ് ഇന്ത്യ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വിജയിക്കണമെന്ന് ഞാൻ ഗണപതിയോട് പ്രാർത്ഥിക്കുന്നു. ടീമിനെ എല്ലായ്പ്പോഴും അനുഗ്രഹിക്കുന്നു- ചാരുലത  പറഞ്ഞു.

1983ൽ കപിൽ ദേവിൻെറ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതിന് താൻ സാക്ഷിയായിരുന്നെന്ന് ചാരുലത അവകാശപ്പെട്ടു. റിഷഭ് പന്ത് ബൗണ്ടറി നേടിയപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ച മുത്തശ്ശി ആരാധികയെ ടെലിവിഷൻ ക്യാമറമാനാണ് കണ്ടെത്തിയത്. പിന്നീട് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ചാരുലതക്കൊപ്പമുള്ള ചിത്രം കോഹ്ലിയും ബി.സി.സി.ഐയും ട്വീറ്റ് ചെയ്തു.
 

Loading...
COMMENTS