കല്യാണി (ഉത്തർപ്രദേശ്): സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ബംഗാളും ഉത്തർപ്രദേശും തമ്മിലുള്ള മത്സരത്തിനിടെ ആതിഥേയ ടീമിനായി ഇടങ്കയ്യൻ സ്പിന്നർ ശിവ സിങ് ബൗൾ ചെയ്തുതുടങ്ങിയപ്പോൾ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഒരു ഒാവറിനിടെ ബൗൾ ചെയ്യാനുള്ള റണ്ണപ്പിനിടയിൽ 360 ഡിഗ്രിയിൽ പൂർണമായി ഒന്നുതിരിഞ്ഞ് ശിവ സിങ് പന്തെറിഞ്ഞപ്പോൾ കണ്ടുനിന്നവർ അന്ധാളിച്ചു. അമ്പരപ്പ് പുറത്തുകാണിക്കാതെ ബാറ്റ്സ്മാൻ പന്ത് പ്രതിരോധിച്ചെങ്കിലും അമ്പയർ വിനോദ് ശേഷൻ ബൗളറുടെ നമ്പറിൽ വീണില്ല, ഉടൻ വിളിച്ചു ഡെഡ് ബാൾ.
അനുവദനീയമല്ലാത്ത രീതിയിലുള്ള ബൗളിങ്ങാണിതെന്ന് അമ്പയർ വിശദീകരിച്ചപ്പോൾ അമ്പരന്നത് ശിവ സിങ്ങും യു.പി ടീമിലെ സഹതാരങ്ങളുമാണ്. കളത്തിലുണ്ടായിരുന്ന സഹ അമ്പയർ രവി ശങ്കറുമായി സംസാരിച്ച് ഡെഡ് ബാൾ ഉറപ്പിച്ച അമ്പയർ ശേഷൻ ഇത് ആവർത്തിച്ചാൽ ഇനിയും െഡഡ് ബാൾ തന്നെ വിളിക്കുമെന്ന് ശിവ സിങ്ങിനും യു.പി ക്യാപ്റ്റൻ ശിവം ചൗധരിക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്രിക്കറ്റ് നിയമപ്രകാരം ഇത് അനുവദനീയമാണെന്നാണ് ശിവ സിങ്ങിെൻറ പക്ഷം. മുമ്പ് പല മത്സരങ്ങളിലും ഇപ്രകാരം ബൗൾ ചെയ്തിട്ടും ആരും ഡെഡ് ബാൾ വിളിച്ചിട്ടില്ലെന്നും ശിവ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ഇതേരീതിയിൽ ബൗൾ ചെയ്തതും താരം എടുത്തുപറഞ്ഞു. ബാറ്റ്സ്മാന്മാർക്ക് റിവേഴ്സ് സ്വീപിനും സ്വിച് ഹിറ്റിനും അനുമതി നൽകുേമ്പാൾ ബൗളർമാർക്ക് ഇത്തരം പരീക്ഷണങ്ങൾക്ക് അനുവാദമില്ലാത്തത് ശരിയല്ലെന്നും ശിവ വാദിക്കുന്നു. ക്രിക്കറ്റ് നിയമസംഹിതയായ എം.സി.സി നിയമപ്രകാരം ബാറ്റ്സ്മാെൻറ ശ്രദ്ധ തെറ്റിക്കാനുള്ള മനഃപൂർവമായ ശ്രമം (41.4ാം വകുപ്പ്), ബാറ്റ്സ്മാനെ തടസ്സപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമം (41.5ാം വകുപ്പ്) എന്നിവയിലേതെങ്കിലും പ്രകാരമുള്ള 20.4.2.7 നിയമപ്രകാരമാണ് അമ്പയർ ശിവയുടെ 360 ഡിഗ്രി ബൗളിങ് ഡെഡ് ബാൾ ആണെന്ന് വിധിയെഴുതിയത്.
ഇത് ശരിയായ തീരുമാനമാണെന്ന് മുൻ എലീറ്റ് പാനൽ അമ്പയറും ലോകംകണ്ട മികച്ച അമ്പയർമാരിലൊരാൾ എന്ന വിശേഷണമുള്ളയാളുമായ സൈമൺ ടോഫൽ പറഞ്ഞു. ബാറ്റ്സ്മാെൻറ സ്വിച് ഹിറ്റുമായി ഇതിനെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്വിച് ഹിറ്റിൽ ബാറ്റ്സ്മാെൻറ ലക്ഷ്യം ഷോട്ട് കളിക്കുക എന്നതാണ്. എന്നാൽ, 360 ഡിഗ്രി തിരിഞ്ഞുള്ള ഏറിൽ ബൗളറുടെ ലക്ഷ്യം ബാറ്റ്സ്മാെൻറ ശ്രദ്ധ തെറ്റിക്കൽ മാത്രമാണ്. ബൗളറുടെ സ്ഥിരം ബൗളിങ് ആക്ഷൻ അതാണെങ്കിൽ അത് വേറെ കാര്യം’ -േടാഫൽ പറഞ്ഞു.