സഞ്ജുവിന് സ്വെഞ്ചറി; കേരളം 263/7
text_fieldsകല്യാണി (ബംഗാള്‍): സഞ്ജു വി. സാംസണ്‍ ഉജ്ജ്വല ഫോമിലേക്ക് മടങ്ങിവന്നപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നവുമായി രഞ്ജി ട്രോഫി ക്രിക്കറ്റ് പോരിനിറങ്ങിയ കേരളത്തിന് ജമ്മു കശ്മീരിനെതിരെ ഭേദപ്പെട്ട സ്കോര്‍. സഞ്ജുവിന്‍െറ അപരാജിത സെഞ്ച്വറിയുടെയും കേരളത്തിനായി കളത്തിലിറങ്ങിയ മധ്യപ്രദേശ് താരം ജലജ് സക്സേനയുടെ അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ആദ്യ ദിവസം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 263 റണ്‍സ് എടുത്തു. 129 റണ്‍സുമായി സഞ്ജുവും ആറ് റണ്‍സുമായി മനു കൃഷ്ണനുമാണ് ക്രീസില്‍.
ടോസ് നേടിയ ജമ്മു കശ്മീര്‍, കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എട്ട് റണ്‍സ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് വീണു. സമീഉല്ല ബേഗിന്‍െറ പന്തില്‍ മഹാരാഷ്ട്രക്കാരനായ ഭവിന്‍ ജിതേന്ദ്ര തക്കര്‍ നാലു റണ്‍സുമായി വിക്കറ്റിനുമുന്നില്‍ കുടുങ്ങി പുറത്തായി. തൊട്ടുടന്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹന്‍ പ്രേമും മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന ജലജ് സക്സേനയും സഞ്ജുവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ചേര്‍ത്ത 97 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്. 69 റണ്‍സാണ് സക്സേനയുടെ സംഭാവന. വൈസ് ക്യാപ്റ്റന്‍ സചിന്‍ ബേബി പൂജ്യത്തിനു പുറത്തായി. റോബര്‍ട്ട് ഫെര്‍ണാണ്ടസ് (3), ഇഖ്ബാല്‍ അബ്ദുല്ല (14), സതീഷ് മോനിഷ് (14) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍. 251 പന്തില്‍ 19 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് സഞ്ജു 129 റണ്‍സിലത്തെിയത്. സമീഉല്ല ബേഗ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാം ദയാല്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.
ഭുവനേശ്വറില്‍ നടന്ന ഹിമാചല്‍ പ്രദേശ്-ആന്ധ്ര മത്സരത്തില്‍ ആദ്യ ദിവസം ഹിമാചല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തു. പ്രശാന്ത് ചോപ്ര (117), സുമീത് വര്‍മ (116 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറിയാണ് ഹിമാചലിന് കരുത്തായത്. റോത്തക്കില്‍ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ തമിഴ്നാടിനെ 87 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ മുംബൈ നാലുവിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് തമിഴ്നാടിന്‍െറ കഥകഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
