'സൂപ്പർമാൻ & ബാറ്റ്മാൻ'

06:22 AM
18/05/2016

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ അദ്ഭുതം തീര്‍ക്കുന്ന വിരാട് കോഹ്ലി-എബി ഡിവില്ലിയേഴ്സ് സഖ്യത്തെ അതിമാനുഷിക കഥാപാത്രങ്ങളായ ബാറ്റ്മാനോടും സൂപ്പര്‍മാനോടും ഉപമിച്ച് സൂപ്പര്‍താരം ക്രിസ് ഗെയില്‍. കോഹ്ലിയും ഡിവില്ലിയേഴ്സും ബാറ്റ്മാനും സൂപ്പര്‍മാനും പോലെയാണ് കളിക്കുന്നത്. ഇരുവരും കരിയറിലെ മികച്ച ഫോമിലാണ് നില്‍ക്കുന്നത്. പ്രത്യേകിച്ച് കോഹ്ലി. ഈ പോക്കുപോയാല്‍ ഇരുവരും റണ്‍വേട്ട തുടരുകതന്നെ ചെയ്യും. ടീമിനുവേണ്ടി പ്രതിഭാസ സമാനമായ പ്രകടനമാണ് ഇരുവരും കാഴ്ച വെക്കുന്നത് -ഗെയില്‍ പറഞ്ഞു.

ഐ.പി.എല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന താരങ്ങളാണ് വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും. 12 മത്സരങ്ങളില്‍നിന്നായി ഇരുവരും നേടിയത് 1349 റണ്‍സ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കഴിഞ്ഞദിവസമാണ് കോഹ്ലി ഗെയിലില്‍നിന്ന് തട്ടിയെടുത്തത്. ഗുജറാത്ത് ലയണ്‍സിനെതിരെ 229 റണ്‍സിന്‍െറ റെക്കോഡ് കൂട്ടുകെട്ടും കൊല്‍ക്കത്തക്കെതിരെ 144 റണ്‍സ് കൂട്ടുകെട്ടും കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യം നേടിയിരുന്നു. ഒരു ഇന്നിങ്സില്‍ രണ്ടു സെഞ്ച്വറിയെന്ന ഐ.പി.എല്‍ റെക്കോഡും ഇരുവരുടെയും പേരിലാണ്. കോഹ്ലിയും ഡിവില്ലിയേഴ്സും മാരക ഫോമിലാണെങ്കിലും ടീമിന്‍െറ പ്ളേഓഫ് പ്രവേശം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.  ആറാമതാണ് ടീമിന്‍െറ സ്ഥാനം.
 

 

Loading...
COMMENTS