വനിതാ ഐ.പി.എല്ലിന് ആവശ്യം
text_fieldsന്യൂഡല്‍ഹി: വനിതകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ഇംഗ്ളണ്ട്, ആസ്ട്രേലിയ ടീം ക്യാപ്റ്റന്മാര് ബി.സി.സി.ഐക്കു മുമ്പാകെ. ആസ്ട്രേലിയയില്‍ ആരംഭിച്ച വനിതാ ബിഗ്ബാഷ് ലീഗും ഇംഗ്ളണ്ടില്‍ ഈ സീസണില്‍ നടക്കുന്ന വനിതാ സൂപ്പര്‍ ലീഗും മാതൃകയില്‍ ഐ.പി.എല്ലും സംഘടിപ്പിക്കാനാണ് ആവശ്യം.
ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേഡ്സ്, ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ സമീപിച്ചത്. ‘വനിതാ ക്രിക്കറ്റിന് കൂടുതല്‍ സ്വീകാര്യത നേടാന്‍ ഐ.പി.എല്‍ മാതൃക സഹായകരമാവും. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യന്‍ പ്രീമീയര്‍ ലീഗുണ്ടാക്കിയ മാറ്റം വനിതകളിലും സൃഷ്ടിക്കാന്‍ സാധ്യമാണ്’ -എഡ്വേഡ്സ് പറഞ്ഞു.
ട്വന്റി20 വനിതാ ലോകകപ്പിന് ലഭിച്ച സ്വീകാര്യത ചര്‍ച്ചയാവുന്നതിനിടെയാണ് വനിതാ ഐ.പി.എല്ലിനായി താരങ്ങള്‍തന്നെ ആവശ്യമുന്നയിക്കുന്നത്.
