ദേശീയഗാനം തെറ്റിച്ച് ചൊല്ലിയെന്ന്; അമിതാഭ് ബച്ചനെതിരെ പരാതി
text_fieldsന്യൂഡൽഹി: ദേശീയഗാനം തെറ്റിച്ച് ചൊല്ലിയെന്നാരോപിച്ച് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെതിരെ പരാതി. കൊൽക്കത്തയിൽ നടന്ന ട്വൻറി 20 ലോകകപ്പിലെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായാണ് ബച്ചൻ ദേശീയ ഗാനമാലപിച്ചത്. ബച്ചൻ തെറ്റായാണ് ആലപിച്ചതെന്ന് ആരോപിച്ചാണ് ന്യൂഡൽഹി അശോക് നഗർ പൊലീസ് സ്റ്റേഷനിൽ ഒരാൾ പരാതി നൽകിയത്.
ഇന്ത്യ-പാക് മത്സരത്തിന് കൊഴുപ്പേകാനാണ് ബംഗാൾ ക്രിക്കറ്റ് അധികൃതർ ബച്ചനെക്കൊണ്ട് ദേശീയ ഗാനം ആലപിപ്പിച്ചത്. ഈഡൻഗാർഡനിൽ വരുന്നതിനും ഗാനമാലപിക്കുന്നതിനും നാലു കോടി രൂപ ബച്ചൻ പ്രതിഫലം പറ്റിയിരുന്നതായി നേരത്തേ വാർത്തകൾ വന്നിരുന്നു. എന്നാൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി ഇക്കാര്യം നിഷേധിച്ചിരുന്നു. ബച്ചൻ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ചടങ്ങിനെത്തിയതെന്നും ഒരു രൂപ പോലും കൈപറ്റിയില്ലെന്നും ആനന്ദിബസാർ പത്രികക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി വ്യക്തമാക്കിയിരുന്നു.
