എസ്. രവി എലൈറ്റ് പാനലില്‍, ഷംസുദ്ദീന്‍ എമെര്‍ജിങ് പാനലില്‍
text_fieldsന്യൂഡല്‍ഹി: അടുത്ത സീസണിലേക്കുള്ള ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ കര്‍ണാടകയില്‍ നിന്നുള്ള എസ്. രവി സ്ഥാനം നിലനിര്‍ത്തി. ഹൈദരാബാദ് സ്വദേശി സി. ശംസുദ്ദീന്‍ എമര്‍ജിങ് പാനലില്‍ ഇടംനേടി. 2011 മുതല്‍ രാജ്യാന്തര ക്രിക്കറ്റ് നിയന്ത്രിക്കുന്ന എസ്. രവി 11 ടെസ്റ്റിലും 26 ഏകദിനത്തിലും 18 ട്വന്‍റി20യിലും അമ്പയറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഡ്ലൈഡില്‍ നടന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നിയന്ത്രിച്ചത് രവിയാണ്. ഏഴ് ഏകദിനങ്ങളിലും 10 ട്വന്‍റി20യിലും അമ്പയറായ ഷംസുദ്ദീന്‍ അണ്ടര്‍-19 ലോകകപ്പും നിയന്ത്രിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള അമ്പയര്‍മാരുടെ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് ബി.സി.സി.ഐ മുന്‍കൈയെടുത്ത് രവിയെയും ഷംസുദ്ദീനെയും അമ്പയറിങ് പാനലില്‍ ഉള്‍പ്പെടുത്തിയത്. നാഗ്പുരിലുള്ള ബി.സി.സി.ഐ ദേശീയ അക്കാദമിയില്‍ അമ്പയര്‍മാര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സൈമണ്‍ ടഫേല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ക്ളാസെടുക്കാന്‍ എത്തിയിരുന്നു.
