മാഞ്ചസ്റ്റര്‍: ലോഡ്സില്‍ ഒന്നാം ടെസ്റ്റില്‍ ചരിത്ര വിജയം കുറിച്ച പാകിസ്താനു മുന്നില്‍ തോല്‍വി ഒഴിവാക്കാന്‍ പ്രകൃതി കനിയുക മാത്രമേ വഴിയുള്ളൂ. ഒന്നാമിന്നിങ്സില്‍ ഇംഗ്ളണ്ട് വാരിക്കൂട്ടിയ 589 റണ്‍സെന്ന റണ്‍മല കണ്ട് അന്തംവിട്ട പാകിസ്താന്‍ 198ന് ഓള്‍ ഒൗട്ടായെങ്കിലും ഇംഗ്ളണ്ട് ഫോളോഓണ്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നത് അതിശയിപ്പിച്ചു. 3.2 ഓവറില്‍ ഇംഗ്ളണ്ട് ബാറ്റിങ് വിക്കറ്റ് നഷ്ടമാകാതെ 11 റണ്‍സെടുത്തപ്പോള്‍ പെയ്ത മഴയിലാണ് പാകിസ്താന്‍ പ്രതീക്ഷകള്‍ പൂക്കുന്നത്.24 ഓവറില്‍ നാലു വിക്കറ്റിന് 57 റണ്‍സ് എന്ന രണ്ടാം ദിവസത്തെ സ്കോറുമായി പതറിനിന്ന പാകിസ്താന്‍ മൂന്നാം നാള്‍ 64ാമത്തെ ഓവറില്‍ കൂടാരം കയറി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖും 39 റണ്‍സ് വീതമെടുത്ത ഷാന്‍ മസൂദും വഹാബ് റിയാസും മാത്രമാണ് ചെറുത്തുനിന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സാണ് പാക് നിരയുടെ അന്തകനായത്.