അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ ക്വാര്‍ട്ടറില്‍
text_fieldsമിര്‍പുര്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഗ്രൂപ് ഡിയില്‍നിന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 120 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 258 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 31.3 ഓവറില്‍ 138 റണ്‍സിന് പുറത്തായി.
ഓപണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ഇശാന് കിഷന് (നാല്) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. സര്‍ഫറാസ് ഖാന് (74), റിഷാഭ് പന്ത് (57), അര്മാന് ജാഫര്‍ (46), മഹിപാല്‍ ലോംറോര്‍ (45) എന്നിവരാണ് ഇന്ത്യന്‍നിരയില്‍ തിളങ്ങിയത്. തുടര്‍ച്ചയായ രണ്ടാംമത്സരത്തിലാണ് സര്‍ഫറാസ് അര്‍ധസെഞ്ച്വറി നേടുന്നത്.
ന്യൂസിലന്‍ഡിനെ ഒരുഘട്ടത്തിലും മുന്നേറാനനുവദിക്കാത്തതായിരുന്നു ഇന്ത്യന്നിരയുടെ ബൗളിങ്. മീഡിയം പേസര്‍ ആവേശ് ഖാന് നാലു വിക്കറ്റുമായി മുന്നില്‍നിന്നു നയിച്ചപ്പോള്‍ മധ്യനിരയെയും വാലറ്റത്തെയും സ്പിന്നര്‍ മഹിപാല്‍ ലോംറോര്‍ വീഴ്ത്തി.
അഞ്ചുവിക്കറ്റാണ് മഹിപാല്‍ കീശയിലാക്കിയത്. ആവേശ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്. മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക 33 റണ്‍സിന് അഫ്ഗാനെയും പാകിസ്താന് ഏഴുവിക്കറ്റിന് കാനഡയെയും നേപ്പാള്‍ എട്ടുവിക്കറ്റിന് അയര്‍ലന്‍ഡിനെയും തോല്പിച്ചു.
