ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ്: ഇന്ത്യ എ – ആസ്ട്രേലിയ എ ഫൈനല്‍
text_fieldsമക്കായ് (ആസ്ട്രേലിയ): ആസ്ട്രേലിയയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ എ - ആസ്ട്രേലിയ എ കലാശപ്പോരാട്ടം. അവസാന ലീഗ് മത്സരത്തില്‍ ആസ്ട്രേലിയ എയോട് തോറ്റിട്ടും ഇന്ത്യ എ രണ്ടാം സ്ഥാനക്കാരായി ഫൈനലുറപ്പിക്കുകയായിരുന്നു. വമ്പന്‍ സ്കോറുകള്‍ പിറന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റുചെയ്ത ഓസീസ് കര്‍ട്ടിസ് പാറ്റേഴ്സണ്‍ (115), നിക് മാഡിന്‍സണ്‍ (118) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സടിച്ചുകൂട്ടിയപ്പോള്‍ വീരോചിതം പൊരുതിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 321 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെയും (91 പന്തില്‍ 110) മലയാളി താരം സഞ്ജു സാംസണിന്‍െറയും (74 പന്തില്‍ 87) മികച്ച ബാറ്റിങ്ങിന്‍െറ ബലത്തില്‍ അവസാനംവരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ എക്ക് പക്ഷേ, അവസാന കടമ്പ കടക്കാനായില്ല.
പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ നാലു പന്തില്‍ ആറു റണ്‍സ് നേടിയപ്പോള്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സ് മതിയായിരുന്നു വിജയതീരമണയാന്‍. എന്നാല്‍, അഞ്ചാം പന്തില്‍ സഞ്ജു ഒൗട്ടായതോടെ ഇന്ത്യ പതറി. അവസാന പന്തില്‍ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ശ്രാദുല്‍ ഠാകുര്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ വിജയം ആസ്ട്രേലിയക്ക്.
